Thu. May 2nd, 2024

എല്‍.ഡി.എഫ് ന് തലവേദനയായി ഗണേഷിന് പിന്നാലെ ജെ.ഡി എസും.

By admin Sep 17, 2023 #bjp #CPIM #JDS #LDF
Keralanewz.com

തിരുവനന്തപുരം : ഗണേഷ്‌കുമാറിനു പിന്നാലെ ജനതാദള്‍ (എസ്‌) ഉം ഇടതുമുന്നണിക്ക്‌ തലവേദനയായി മാറുന്നു.ദേശീയതലത്തില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ ജെ.ഡി.എസ്‌. ധാരണയിലെത്തിയതാണ്‌ ഇടതുമുന്നണിയെ വലയ്‌ക്കുന്നത്‌. ബി.ജെ.പിക്കെതിരേ ശക്‌തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ ഇടതുമുന്നണിയും, സി പി എമ്മും ശ്രമിക്കുമ്ബോള്‍ ജെ.ഡി.എസ്‌. നിലപാട്‌ തിരിച്ചടിയാകുമോയെന്നാണ്‌ ആശങ്ക.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കാനാണ്‌ ജെ.ഡി.എസ്‌. അധ്യക്ഷന്‍ ദേവ ഗൗഡയുടെ തീരുമാനം. എന്നാല്‍, ജെ.ഡി.എസ്‌. കേരള ഘടകം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം സംസ്‌ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസ്‌ ഇതു വ്യക്‌തമാക്കുകയും ചെയ്‌തു. പക്ഷേ ഇത്‌ എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിലാണ്‌ മുന്നണിക്ക്‌ സംശയം.
കേരള രാഷ്‌ട്രീയം പ്രധാനമായും ബി.ജെ.പി. വിരുദ്ധതയിലാണ്‌ തിരിയുന്നത്‌. യു.ഡി.എഫ്‌ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും അവര്‍ എതിര്‍ക്കുന്നില്ലെന്നാണ്‌ ഇടതുമുന്നണിയുടെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം അവസാനിച്ച നിയമസഭാ സമ്മേളനത്തിലും ഇതാണ്‌ മുഖ്യമന്ത്രി ഉള്‍പ്പെടെ ഭരണകക്ഷി ബെഞ്ചുകള്‍ ആയുധമാക്കിയത്‌. അതില്‍ വെള്ളം ചേര്‍ക്കുന്നതാകുമോ ജെ.ഡി.എസിന്റെ നിലപാടെന്ന ആശങ്കയാണ്‌ പൊതുവിലുള്ളത്‌.
ദേശീയതലത്തില്‍ ബി.ജെ.പിയുമായി സഹകരിക്കുന്ന ജെ.ഡി.എസ്‌, ഇടതുമുന്നണിയില തുടരുന്നത്‌ യു.ഡി.എഫിന്‌ ശക്‌തമായ പ്രചാരണായുധം ആക്കുകയും ചെയ്യും.
സി.പി.എമ്മിന്റെ പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ ഇതിലൂടെ കോണ്‍ഗ്രസിന്‌ സാധിക്കും. കേരളത്തില്‍ എക്കാലവും ജെ.ഡി.എസ്‌. ഇടതുമുന്നണിയില്‍ ഉറച്ചുനിന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം എങ്ങനെ നേരിടുമെന്നതാണ്‌ സി.പി.എം. നേതൃത്വത്തെ ബുദ്ധിമുട്ടിലാക്കുന്നത്‌.
ദേവെ ഗൗഡയുടെ ഈ ചാഞ്ചാട്ട നിലപാടുമൂലമാണ്‌ ജെ.ഡി.എസുമായി ലയിക്കാന്‍ തയാറായിരുന്ന എസ്‌.ജെ.ഡി. നിലപാട്‌ മാറ്റിയത്‌. പിന്നീട്‌ അവര്‍ ആര്‍.ജെ.ഡിയുമായി ലയിക്കാനാണ്‌ തീരുമാനിച്ചത്‌.
നിലവില്‍ അവര്‍ മന്ത്രിസ്‌ഥാനത്തിന്‌ ആവശ്യവും ഉന്നയിച്ചിട്ടുണ്ട്‌. മന്ത്രിസ്‌ഥാനം ആ പാര്‍ട്ടിക്കായി നല്‍കാന്‍ കഴിയില്ല. രണ്ടു ജനതാദളുകളും ലയിക്കാനാണ്‌ സി.പി.എം. നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ജെ.ഡി.എസും ആര്‍.ജെ.ഡിയുമായി ലയിച്ച്‌ ഇരുവിഭാഗങ്ങളും ഒന്നിച്ച്‌ കേരളത്തില്‍ നിലനില്‍ക്കട്ടെ എന്ന അഭിപ്രായവും ഇടതുമുന്നണിയില്‍ ഉയരുന്നുണ്ട്‌.

സമാനമായ ധര്‍മസങ്കടമാണ്‌ ഗണേഷ്‌കുമാറിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്‌. ധാരണയനുസരിച്ച്‌ രണ്ടു മാസംകൂടി കഴിയുമ്പോള്‍ ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. സോളാര്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ റിപ്പോര്‍ട്ട്‌ ആയുധമാക്കികൊണ്ട്‌ ഗണേഷിനെതിരേ നീങ്ങാനാണ്‌ കോണ്‍ഗ്രസ്‌ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ നിലപാട്‌ നിയമസഭയില്‍ വ്യക്‌തമാക്കിയ യു.ഡി.എഫ്‌. ഇന്നലെ ഗണേഷിനെതിരായ പ്രത്യക്ഷ സമരപരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു എം.എല്‍.എ. സ്‌ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഗണേഷിന്റെ വസതിയിലേക്കുള്ള മാര്‍ച്ചാണ്‌ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.
ഗണേഷിനെ മന്ത്രിയാക്കുന്നതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഈ രണ്ടു പ്രചാരണങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ നേരിടുമെന്നതില്‍ വ്യക്‌തതയുണ്ടാക്കണമെന്ന അഭിപ്രായവും സി.പി.എമ്മിനുണ്ട്‌

എന്തായാലും വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് വേദിയാകുമെന്നതിൽ ആർക്കും തർക്കമില്ല. ആരു വീഴും ആര് വാഴും എന്ന് മാത്രമേ അറിയാനുള്ളു.

Facebook Comments Box

By admin

Related Post