Sun. May 19th, 2024

കേവലമൊരു കെട്ടിടത്തിന് നേരെയല്ല, ജനാധിപത്യത്തിന്റെ മാതാവിനെ നേരെയുള്ള ആക്രമണം; 2001-ല്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ ഓര്‍മിപ്പിച്ച്‌ പ്രധാനമന്ത്രി

By admin Sep 19, 2023
Keralanewz.com

ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിനിടെ 2001-ല്‍ നടന്ന പാര്‍ലമെന്റ് ഭീകരാക്രമണത്തെ ഓര്‍മിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി
അന്ന് നടന്ന ഭീകരാക്രമണത്തില്‍ പാര്‍ലമെന്റിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വധിക്കപ്പെട്ട ഉദ്യോഗസ്ഥരെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. അന്ന് ഭീകരര്‍ കെട്ടിടത്തിന് നേരെയല്ല ആക്രമണം നടത്തിയതെന്നും ജനാധിപത്യത്തിന്റെ മാതാവിന് നേരെ നടത്തിയ ആക്രമണമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നെഞ്ചില്‍ ബുള്ളറ്റുകള്‍ ഏറ്റുവാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 2001 ഡിസംബര്‍ 13-നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡല്‍ഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍മാരായ ജഗദീഷ്, മത്ബാര്‍, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാല്‍, ഡല്‍ഹി പോലീസിലെ ഹെഡ്
കോണ്‍സ്റ്റബിള്‍മാരായ ഓം പ്രകാശ്, ബിജേന്ദര്‍ സിംഗ്, ഘൻശ്യാം, സി‌പി‌ഡബ്ല്യു‌ഡിയിലെ തോട്ടക്കാരനായ ദേശ്‌രാജ് എന്നിവരാണ് പാര്‍ലമെന്റിനെ സംരക്ഷിക്കുന്നതിനിടയില്‍ ജീവൻ ബലി അര്‍പ്പിച്ചത്.

ലഷ്‌കര്‍-ഇ-ത്വായ്ബ (എല്‍ഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളാണ് അന്ന് ഭീകരാക്രമണം നടത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ പാര്‍ലമെന്റിലേക്ക് നുഴഞ്ഞുകയറിയ അഞ്ച് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 2001,2002 കാലഘട്ടത്തില്‍ ഇന്ത്യ-പാകിസ്താൻ ഏറ്റുമുട്ടല്‍ നടന്നിരുന്നു.
പ്രമുഖ രാഷ്‌ട്രീയ നേതാക്കളടക്കം നൂറിലധികം പേരാണ് ഭീകരാക്രമണ സമയത്ത് പാര്‍ലമെന്റ് മന്ദിരത്തില്‍ അന്ന് ഉണ്ടായിരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ പാര്‍മെന്റില്‍ കയറിയ അവരുടെ പക്കല്‍ എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഭീകരര്‍ക്ക് പാകിസ്താനില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു. പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ഏജൻസിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും അന്ന് പറഞ്ഞു.

Facebook Comments Box

By admin

Related Post