തൃശൂര്‍: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎല്‍എയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായതോടെ മൊയ്തീനടക്കമുള്ള സിപിഎം നേതാക്കള്‍ക്കായി ഡല്‍ഹിയില്‍നിന്നു മുതിര്‍ന്ന അഭിഭാഷകനെ കൊണ്ടുവരാൻ സിപിഎം നീക്കം.
ഇതിനായി ഡല്‍ഹിയിലെ സിപിഎമ്മിലെ കേന്ദ്രനേതാക്കളുമായി സംസ്ഥാന നേതാക്കള്‍ ചര്‍ച്ചചെയ്തു. നിരവധി പ്രമാദ കേസുകളില്‍ ഹാജരായിട്ടുള്ള മുതിര്‍ന്ന അഭിഭാഷകനെത്തന്നെ കരുവന്നൂര്‍ കേസില്‍ ഹാജരാക്കാനാണു നീക്കം. ഡല്‍ഹിയിലെ സിപിഎം നേതാക്കള്‍ ഈ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കേസ് ഏറ്റെടുക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടില്ല.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്പോള്‍ കൂടുതല്‍ കുരുക്കിലേക്കാണു സിപിഎമ്മും നേതാക്കളും നീങ്ങുന്നത്.
ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച നിയമസഹായത്തിനായി കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളില്‍ പരിചയസന്പന്നനായ അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഒരു സിറ്റിംഗിനുതന്നെ വലിയ തുക പ്രതിഫലം നല്‍കേണ്ടിവരുമെങ്കിലും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും മികച്ചയാളെത്തന്നെ കേസ് ഏല്‍പ്പിക്കുന്നതാണു നല്ലതെന്ന പാര്‍ട്ടി തീരുമാനത്തിനൊടുവിലാണ് ഡല്‍ഹിയില്‍നിന്ന് അഭിഭാഷകനെ ഇറക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ഇദ്ദേഹത്തെ സഹായിക്കാൻ കേരളത്തില്‍നിന്നുള്ള അഭിഭാഷകരുടെ പാനലും ഉണ്ടാകും.
മൊയ്തീനെ അടുത്ത തവണ ചോദ്യംചെയ്യാൻ വിളിച്ചാല്‍ അറസ്റ്റിന് സാധ്യതയേറെയാണെന്ന അഭ്യൂഹം ശക്തമായിരിക്കേ മുൻകൂര്‍ ജാമ്യമടക്കമുള്ള കാര്യങ്ങളുമായി സജീവമായി മുന്നോട്ടു പോവുകയാണു നേതൃത്വം.