Fri. May 17th, 2024

മുസ്‍ലിം വിദ്യാര്‍ഥിയെ അധ്യാപിക തല്ലിച്ച കേസ്: തുഷാര്‍ ഗാന്ധിക്ക് അര്‍ഹത എന്തെന്ന് യോഗിസര്‍ക്കാര്‍; ആരാണ് ഹരജിക്കാരനെന്ന് നോക്കേണ്ടെന്ന് കോടതി

By admin Sep 26, 2023
Keralanewz.com

ന്യൂഡല്‍ഹി: മുസഫര്‍ നഗറില്‍ തൃപ്ത ത്യാഗി എന്ന അധ്യാപിക ഏഴു വയസ്സുകാരനായ മുസ്‍ലിം വിദ്യാര്‍ഥിയെ ഹിന്ദു സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഹരജിയുമായി വരാൻ മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാര്‍ ഗാന്ധിക്ക് എന്ത് അര്‍ഹതയാണുള്ളതെന്ന് കേന്ദ്രസര്‍ക്കാറിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.
രാജു. എന്നാല്‍, ഹരജിക്കാരന് ഈ വിഷയത്തില്‍ ഇടപെടാൻ നിയമപരമായ അര്‍ഹതയില്ലെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വേണ്ടി ഹാജരായ രാജുവിന്റെ വാദം സുപ്രീംകോടതി തള്ളി.

മൗലികാവകാശ ലംഘനം നടന്ന ഇതുപോലൊരു കേസില്‍ ഹരജിക്കാരൻ ആരാണെന്ന് സര്‍ക്കാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് സ്വമേധയാ കേസെടുക്കാമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് എസ്. മിത്തല്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഓര്‍മിപ്പിച്ചു.

ഈ കേസില്‍ ക്രിമിനല്‍നിയമത്തിലെ നടപടിക്രമംപോലും പാലിച്ചിട്ടില്ല. അതേസമയം, മൗലികാവകാശങ്ങളുടെയും വിദ്യാഭ്യാസനിയമത്തിന്റെയും ലംഘനം നടന്നിട്ടുമുണ്ട്. യു.പി സര്‍ക്കാര്‍ ആരെയും പ്രതിരോധിക്കുന്നില്ലെന്ന് അവകാശപ്പെട്ട രാജു ആനുപാതികമല്ലാത്ത വര്‍ഗീയകാഴ്ചപ്പാട് സംഭവത്തിന് നല്‍കിയെന്ന് ആരോപിച്ചു.

എന്നാല്‍, വര്‍ഗീയത പകര്‍പ്പിലുണ്ടെന്ന് പറഞ്ഞ് ഈ വാദവും സുപ്രീംകോടതി തള്ളി. അധ്യാപിക പറഞ്ഞത് നിസ്സാരമായി എടുക്കാനാവില്ലെന്ന് പ്രതികരിച്ച കോടതി ഒരു പ്രത്യേക സമുദായക്കാരനായ കുട്ടിയെ തല്ലണമെന്ന് പറയുന്നതിലൂടെ എന്ത് തരം വിദ്യാഭ്യാസമാണ് നല്‍കുന്നതെന്ന് ചോദിച്ചു.

Facebook Comments Box

By admin

Related Post