Sun. May 19th, 2024

ശസ്ത്രക്രിയയ്ക്കിടെ കാഴ്ച നഷ്ടപ്പെട്ട സംഭവം; വീട്ടമ്മയ്ക്ക് 7.67 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്: സര്‍ക്കാര്‍ കനിഞ്ഞത് 28 വര്‍ഷത്തിന് ശേഷം

By admin Sep 29, 2023
Keralanewz.com

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ ഉത്തരവ്.
കോടതി കയറി ഇറങ്ങിയ വീട്ടമ്മയോട് 28 വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ കനിഞ്ഞത്. ചെറുവത്തൂര്‍ കാടങ്കോട്ടെ കമലാക്ഷിയമ്മയ്ക്കാണ് കോടതി വിധിച്ച നഷ്ടപരിഹാരത്തുകയും പലിശയുമുള്‍പ്പെടെ 7,67,478 രൂപ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായത്. ആര്‍.ഡി.ഒ.യുടെ ജീപ്പ് ജപ്തിചെയ്തപ്പോഴാണ് സര്‍ക്കാര്‍ കനിഞ്ഞത്.

സെപ്റ്റംബര്‍ 26 വരെയുള്ള കണക്കനുസരിച്ചുള്ള തുകയാണിത്. കോടതിയില്‍ തുക അടയ്ക്കുന്നത് എപ്പോഴാണോ അത്രയും ദിവസം 37.80 രൂപ പ്രകാരം ഒരുദിവസം എന്ന കണക്കില്‍ അധികമായി നല്‍കാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന് അയച്ച ഉത്തരവില്‍ പറയുന്നു.

1995-ലാണ് കേസിനാസ്പദമായ സംഭവം. കമലാക്ഷിയുടെ ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. തുടര്‍ന്ന് 999-ല്‍ ഇവര്‍ നഷ്ടപരിഹാര ഹര്‍ജി കോടതിയില്‍ നല്‍കി. വിധി വന്നത് 2018-ല്‍. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു ഹൊസ്ദുര്‍ഗ് സബ് കോടതിയുടെ ഉത്തരവ്. ആരോഗ്യവകുപ്പിന്റെ ജീപ്പ് ഈടുവച്ച്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അപ്പീല്‍ തള്ളിയതോടെ ജീപ്പ് ജപ്തിചെയ്യണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.

കോടതി ഉത്തരവുപ്രകാരം ജീപ്പ് ജപ്തിചെയ്യുകയും മോട്ടോര്‍ വാഹനവകുപ്പ് അതിന് 30,000 രൂപ വിലയിടുകയും ചെയ്തു. തുക തീരെ കുറഞ്ഞെന്നു മാത്രമല്ല, ജീപ്പ് കട്ടപ്പുറത്തുള്ളതുമായിരുന്നു. തുടര്‍ന്ന് കമലാക്ഷിയുടെ ഹര്‍ജി പരിഗണിച്ച്‌ ആര്‍.ഡി.ഒ.യുടെ ജീപ്പ് ജപ്തി ചെയ്യുകയായിരുന്നു. ഇതിന് മോട്ടോര്‍ വാഹനവകുപ്പ് ആറുലക്ഷം രൂപ മൂല്യം നിശ്ചയിച്ചു. ഈ ജീപ്പ് ലേലം വിളിച്ച്‌ വിറ്റ് നഷ്ടപരിഹാരത്തുക നല്‍കണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.

അതിനിടെ കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ സാവകാശം നല്‍കണമെന്നും പെട്ടെന്ന് ജീപ്പ് ലേലംചെയ്യരുതെന്നും അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ.പി.അജയകുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഇതിനിടെയാണ് നഷ്ടപരിഹാരത്തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായത്.

Facebook Comments Box

By admin

Related Post