Wed. May 8th, 2024

രണ്ടായിരം രൂപ നോട്ട് മാറ്റിയെടുക്കാനുള്ള തീയതി നീട്ടി റിസർവ് ബാങ്ക്; ഒക്ടോബർ ഏഴ് വരെ മാറ്റിവാങ്ങാം

By admin Sep 30, 2023
Keralanewz.com

ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി. ഒക്ടോബർ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ് വിവരം. സെപ്റ്റംബർ 30 ആയിരുന്നു നോട്ട് മാറ്റിയെടുക്കാൻ നേരത്തെ അനുവദിച്ച സമയപരിധി.

3.42 ലക്ഷം കോടി രൂപ മൂല്യംവരുന്ന നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 93 ശതമാനം നോട്ടുകളും സെപ്റ്റംബർ മാസം ഒന്നാം തീയതി തന്നെ തിരികെയെത്തിയെന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു. മുഴുവൻ തുകയും മടങ്ങിയെത്തിയേക്കാമെന്ന സാധ്യതകൂടി മുന്നിൽകണ്ടാണ് സമയം നീട്ടിയതെന്നാണ് സൂചന. ഒക്ടോബർ 8-നു ശേഷം ലഭിക്കുന്ന നോട്ടുകൾ ബാങ്കുകൾ സ്വീകരിച്ചേക്കില്ല.

കഴിഞ്ഞ മെയ് 19-നാണ് 2,000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കറൻസി നിക്ഷേപിക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ ബാങ്കുകളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.

നോട്ട് നിരോധനത്തെ തുടർന്ന് വിപണിയിൽ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2,000 രൂപയുടെ കറൻസി പുറത്തിറക്കിയത്. ലക്ഷ്യം പൂർത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018-19 സാമ്പത്തിക വർഷത്തിൽ 2,000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവെച്ചിരുന്നു

Facebook Comments Box

By admin

Related Post