Sat. May 18th, 2024

കഞ്ചാവ് കേസില്‍ എസ്‌ഐ കോടതിയില്‍ മൊഴിമാറ്റി; എന്നിട്ടും പ്രതികളെ ശിക്ഷിച്ചു

By admin Oct 10, 2023
Keralanewz.com

തൃശ്ശൂര്‍: വാഹനത്തിന്റെ രഹസ്യ അറയില്‍നിന്ന് 154.3 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ പ്രതികളെ രക്ഷിക്കാന്‍ അറസ്റ്റ് ചെയ്ത എസ്.ഐയുടെ ശ്രമം.
കേസ് വിചാരണക്കിടെ എസ്.ഐ. വിവരങ്ങള്‍ തെറ്റായി നല്‍കുകയായിരുന്നു. കൂറുമാറ്റത്തിന് സമാനമായ സംഭവമായിരുന്നെങ്കിലും എസ്.ഐ. കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചില്ല. പക്ഷേ, മറ്റു തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള സാക്ഷികളുടെ ശക്തമായ മൊഴിയാണ് കേസിന് അനുകൂലമായത്.

ഓഗസ്റ്റ് ഒന്നിന് പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപത്തുനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് എസ്.ഐ. കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിനടിയില്‍ ഘടിപ്പിച്ച രഹസ്യ അറയില്‍നിന്നാണ് 94 പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.

അന്നത്തെ പുതുക്കാട് എസ്.ഐയും സംഘവുമാണ് കഞ്ചാവ് കണ്ടെത്തിയതും പ്രതികളെ അറസ്റ്റ്‌ചെയ്തതും. പക്ഷേ, കേസ് കോടതിയില്‍ വിചാരണയ്ക്കെത്തിയപ്പോള്‍ എസ്.ഐ. മൂന്നാം പ്രതിയെ ഒന്നാം പ്രതിയാക്കി തെറ്റായി മൊഴി നല്‍കി. കഞ്ചാവു കടത്തുന്ന വാഹനത്തിന്റെ നമ്ബര്‍ ഉള്‍പ്പെടെയുള്ള രഹസ്യവിവരമാണ് എസ്.ഐക്ക് ലഭിച്ചിരുന്നത്. വാഹനനമ്ബര്‍ സി.ഐക്ക് എഴുതിനല്‍കുകയും ചെയ്തിരുന്നു. പക്ഷേ, വിചാരണയില്‍ വാഹനനമ്ബര്‍ ലഭിച്ചിരുന്നില്ലെന്ന് മൊഴി നല്‍കി. വാഹനപരിശോധനക്കിടെ ടോള്‍പ്ലാസയില്‍വെച്ചാണ് കഞ്ചാവ് കണ്ടെത്തുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും.

പ്രതികളെ അറസ്റ്റുചെയ്ത വിവരം ബന്ധുക്കളെ അറിയിച്ചത് അറസ്റ്റുചെയ്ത സ്ഥലത്തുവെച്ചുതന്നെയാണെന്നും എസ്.ഐ. തെറ്റായി കോടതിയില്‍ പറഞ്ഞു. പാലക്കാട് ജില്ലക്കാരായ പ്രതികളുടെ ബന്ധുക്കള്‍ കഞ്ചാവു പിടിക്കുന്ന സമയത്ത് എങ്ങനെ സ്ഥലത്തെത്തിയെന്ന് സംശയിക്കുന്ന വിധത്തിലായിരുന്നു ഈ മൊഴി.

കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വാഹനമോടിച്ചിരുന്ന ഷൊര്‍ണൂര്‍ പരുത്തിപ്ര ഇടത്തൊടി അരുണ്‍(27), പാലക്കാട് പള്ളിപ്പുറം തെക്കേപ്പുരയ്ക്കല്‍ ഷണ്‍മുഖദാസ് (28) എന്നിവരെയാണ് തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്. കഞ്ചാവ് പിടികൂടിയതിന് സാക്ഷിയായ കോടാലി സ്വദേശി സിബിന്‍, ടോള്‍പ്ലാസ ജീവനക്കാരനായിരുന്ന വിഷ്ണു, പുലക്കാട്ടുകര സ്വദേശി സ്രൂയിന്‍ എന്നിവരുടെ സാക്ഷിമൊഴികള്‍ കേസില്‍ നിര്‍ണായക തെളിവായി.

Facebook Comments Box

By admin

Related Post