Sat. May 18th, 2024

രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ച് മധ്യപ്രദേശ് കോൺഗ്രസ് .

By admin Oct 20, 2023 #congress
Keralanewz.com

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 3 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയത് ഉള്‍പ്പെടെ 88 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ഡാറ്റിയ, പിച്ചോര്‍, ഗോട്ടെഗാവ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മാറ്റിയത്. നേരത്തെ 144 സീറ്റുകളിലേക്ക് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ ഡിംനി മണ്ഡലത്തില്‍ രവീഷ് സിംഗ് തോമര്‍ മത്സരിക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായി കണക്കാക്കപ്പെടുന്ന ഗ്വാളിയോര്‍ സീറ്റില്‍ സുനില്‍ ശര്‍മ്മയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പൂട്ടാൻ കോണ്‍ഗ്രസ് രംഗത്തിറക്കിയത് വ്യത്യസ്തനായ സ്ഥാനാര്‍ത്ഥിയെയാണ് . രാമായണത്തിന്റെ രണ്ടാം ഭാഗത്തില്‍ ഹനുമാനായി വേഷമിട്ട വിക്രം മസ്താല്‍ ആണ് മുഖ്യന്റെ എതിരാളി . മധ്യപ്രദേശില്‍ അറിയപ്പെടുന്ന നടനും അവതാരകനുമാണ് വിക്രം മസ്താല്‍.

നാല് തവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ ബുധിനി മണ്ഡലത്തില്‍ പിടിച്ചു കെട്ടുകയാണ് കോണ്‍ഗ്രസ് വിക്രം മസ്താലിനെ ഏല്പിച്ചിരിക്കുന്ന ദൗത്യം . 2006 മുതല്‍ തുടര്‍ച്ചയായി വിജയിക്കുന്ന ശിവരാജ് സിംഗിനെ തോല്‍പ്പിക്കാൻ കോണ്‍ഗ്രസ് പല സ്ഥാനാര്‍ഥികളെയും മാറിമാറി പരീക്ഷിച്ചതാണ്. മുൻ മുഖ്യമന്ത്രി സുഭാഷ് യാദവിന്റെ മകനും മുൻ പിസിസി അധ്യക്ഷനുമായ അരുണ്‍ യാദവായിരുന്നു കഴിഞ്ഞ തവണ സ്ഥാനാര്‍ഥി .

58000 വോട്ടിനാണ് ശിവരാജ് സിങ് വിജയക്കൊടി പാറിച്ചത് . ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് കീഴടങ്ങുന്നു എന്ന ആരോപണം കൂടി വിക്രം മസ്താലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ മറികടക്കാമെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് വിക്രം മസ്താല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വം ബുധിനിയിലെ സീറ്റ് മോഹികളായ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ നിരാശപ്പെടുത്തിയിരിക്കുകയാണ് . ഇത് തിരിച്ചടിയാകുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട് .

Facebook Comments Box

By admin

Related Post