Fri. May 3rd, 2024

അസമയത്തെ വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള വിധി ; അപ്പീല്‍ നല്‍കാന്‍ പാലക്കാടെ ഉത്സവക്കമ്മറ്റികളും

By admin Nov 6, 2023
Keralanewz.com

പാലക്കാട് : അസമയത്തെ വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ കേരളസര്‍ക്കാരും ദേവസ്വംബോര്‍ഡും അപ്പീലിന് പോകാനൊരുങ്ങുമ്ബോള്‍ വിധിക്കെതിരേ നീങ്ങി പാലക്കാട്ടെ ഉത്സവക്കമ്മറ്റികളും.

ഇക്കാര്യത്തില്‍ ചേര്‍ന്ന ഉത്സവക്കമ്മറ്റി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന ഈ 24നു മുന്‍പ് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം.

ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും കത്തും നല്‍കും. നേരത്തേ വിധിക്കെതിരെ മരട് ക്ഷേത്ര ഭാരവാഹികള്‍ രംഗത്തുവന്നിരുന്നു. ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്നും 24 ന് കേസ് പരിഗണിക്കുമ്ബോള്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മരട് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. നേരത്തേ വിധിക്കെതിരേ പൂരപ്രേമികളും സംഘടനകളും പുറമേ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നേതാക്കളും രംഗത്തുവന്നിരുന്നു.

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ല എന്ന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ആരാധനാലയങ്ങളില്‍ ഏതാണ് അസമയമെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചോദിച്ചു. സമയവും അസമയവും തീരുമാനിക്കാന്‍ ഭരണഘടന കോടതികള്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടോ. ഉത്സവങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ ഉത്സവങ്ങളുടെ ഭാഗമായ വെടിക്കെട്ട് വിലക്കാന്‍ പാടില്ലെന്നും കെ. മുരളീധരന്‍ എം.പി. പറഞ്ഞു.

കോടതി പറഞ്ഞത് അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ്. അസമയം ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. തൃശൂര്‍ പൂരം കേരളത്തിന്റെ ആഘോഷമാണ്. അതുപോലെയാണ് വെടിക്കെട്ടും. അസമയത്ത് വെടിക്കെട്ട് നടത്താന്‍ പാടില്ലെന്നത് രാത്രികാലങ്ങളെ ഉദ്ദേശിച്ചാണെങ്കില്‍ പകല്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലല്ലോ എന്നും കെ. മുരളീധരന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post