Thu. May 16th, 2024

നിസ്വാര്‍ഥവും ചരിത്രപരവും ത്യാഗനിര്‍ഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി : മുഖ്യമന്ത്രി

By admin Nov 15, 2023
Keralanewz.com

തിരുവനന്തപുരം: നിസ്വാര്‍ഥവും ചരിത്രപരവും ത്യാഗനിര്‍ഭരവുമായിരുന്നു അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവ് എൻ.

ശങ്കരയ്യയുടെ നേതൃശൈലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാൻ വേണ്ട പ്രചോദനം നല്‍കുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ് സഖാവ് ശങ്കരയ്യയുടെ വേര്‍പാട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വ്യാപിച്ചുനിന്ന സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ പര്യായമാണ്. ആ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാര്‍ഗനിര്‍ദേശകവും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയുമായിരുന്നു.

ഉന്നത വിദ്യാഭ്യാസം അപൂര്‍ണമാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയത് മുതല്‍ക്കിന്നോളം വ്യക്തിതാല്‍പര്യത്തിനു മേലെ പാര്‍ട്ടിയുടെയും ജനങ്ങളുടെയും താല്‍പര്യത്തെ ഉയര്‍ത്തിപ്പിടിച്ചതായിരുന്നു ശങ്കരയ്യയുടെ ജീവിതം. 1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ അവശേഷിച്ച രണ്ടുപേരില്‍ ഒരാളായിരുന്നു ശങ്കരയ്യ.

സി.പി.എം രൂപവത്കരിക്കുന്നതില്‍, അതിനെ ശക്തിപ്പെടുത്തുന്നത്തില്‍ നേതൃപരവും നിര്‍ണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്. റിവിഷനിസത്തിനെതിരെയും അതിതീവ്ര ഇടതുപക്ഷ അതിസാഹസികതാവാദത്തിനെതിരെയും പൊരുതിക്കൊണ്ട് പാര്‍ട്ടിയെ ശരിയായ പാതയിലൂടെ നയിച്ചു. പാര്‍ട്ടിക്കുവേണ്ടി സഖാവ് വഹിച്ച തീവ്രാനുഭവങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

എട്ടു വര്‍ഷത്തെ തടവുശിക്ഷയനുഭവിച്ചിട്ടുള്ള ത്യാഗധനനായ നേതാവ് ദീര്‍ഘകാലത്തെ ഒളിവുജീവിതവും നയിച്ചു. വ്യത്യസ്തമായ തലങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടിയും പാര്‍ട്ടിക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. പരിഹരിക്കാനാവാത്ത നഷ്ടമാണ് സഖാവിന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആ സ്മരണക്ക് മുമ്ബില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. സി.പി.എം തമിഴ്‌നാട് സംസ്ഥാന സമിതിയെയും സഖാവിന്റെ കുടുംബത്തെയും ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post