Sat. May 18th, 2024

നവകേരള സദസ്: സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

By admin Nov 21, 2023
Keralanewz.com

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള യാത്രക്കായി സ്‌കൂള്‍ ബസുകള്‍ നല്‍കുന്നത് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. സ്‌കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കാസര്‍കോട്ടെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. പ്രവര്‍ത്തി ദിവസം ബസ് വിട്ടുനല്‍കാനള്ള നിര്‍ദേശം സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരം സ്‌കൂള്‍ ബസുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.

നവകേരള സദസില്‍ ജനങ്ങളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ നിര്‍ദ്ദേശം. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുഖേന എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്.

സ്‌കൂള്‍ ബസ്സുകള്‍ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിര്‍ന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടോ ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകള്‍ വിട്ട് നല്‍കാമോ എന്ന് തീരുമാനിക്കാന്‍ കഴിയുകയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹരജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Facebook Comments Box

By admin

Related Post