Sat. May 4th, 2024

കളങ്കമായി കരുവന്നൂര്‍ കാപട്യം , എ.സി. മൊയ്‌തീനെതിരേ മുഖ്യ സാക്ഷിയുടെ മൊഴി

By admin Nov 21, 2023
Keralanewz.com

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക്‌ കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്‌തീനെതിരേ കേസിലെ മുഖ്യ സാക്ഷി കെ.എ.

ജിജോറിന്റെ മൊഴി. എ.സി. മൊയ്‌തീന്‍ അടക്കമുള്ള നേതാക്കളുടെ ബിനാമി ആയിരുന്നു കേസിലെ മുഖ്യപ്രതി പി. സതീഷ്‌ കുമാറെന്നു മൊഴിയില്‍ പറയുന്നു. നേതാക്കളുടെ ബിനാമിയായി സതീഷ്‌ കുമാര്‍ പണം പലിശയ്‌ക്കു കൊടുത്തെന്നും 100 രൂപയ്‌ക്കു പത്തു രൂപ പലിശ ഇയാള്‍ ഈടാക്കിയിരുന്നെന്നും മൊഴി.
സി.പി.എം. നേതാവ്‌ എം.കെ. കണ്ണന്‍, മുന്‍ ഡി.ഐ.ജി: എസ്‌. സുരേന്ദ്രന്‍, വ്യാപാരി വ്യവസായി സമിതി നേതാവ്‌ ബിന്നി ഇമ്മട്ടി, ചില മുന്‍ ഡിവൈ.എസ്‌.പിമാര്‍ എന്നിവര്‍ക്കെതിരേയും മൊഴിയുണ്ടെന്ന്‌ ഇ.ഡി. പറയുന്നു. മൊഴിഭാഗങ്ങള്‍ കോടതിയില്‍ വായിച്ചു.
മുന്‍ ഡി.ഐ.ജി: എസ്‌. സുരേന്ദ്രന്‍ വസ്‌തു തര്‍ക്കത്തില്‍ ഇടനിലക്കാരന്‍ ആയി പണം കൈപ്പറ്റിയെന്നാണ്‌ ആരോപണം. സതീഷ്‌ കുമാറിനു വേണ്ടിയാണു സുരേന്ദ്രന്‍ മധ്യസ്‌ഥനായതെന്നും ഇ.ഡി. കോടതിയില്‍ വാദിച്ചു.കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്കെന്നും ഇ.ഡി. പറയുന്നു. സി.പി.എം. നേതാക്കളായ ഇ.പി. ജയരാജനും കെ.കെ. ശൈലജയും തൃശൂരില്‍ എത്തുമ്ബോള്‍ സതീഷുമായി കൂടിക്കാഴ്‌ച നടത്താറുണ്ടായിരുന്നുവെന്നും ജിജോര്‍ മൊഴി നല്‍കിയിരുന്നു.
” കരുവന്നൂര്‍ ബാങ്കില്‍ സതീഷ്‌ കുമാറിനു വേണ്ടി ഇടപെട്ടതു മൊയ്‌തീനാണ്‌. ജില്ലയിലെ സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിര്‍ണായക ഇടപാടുകളെക്കുറിച്ച്‌ എ.സി. മൊയ്‌തീന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക്‌ അറിയാമായിരുന്നു. 2014 മുതല്‍ കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു തട്ടിപ്പുനടക്കുന്നുവെന്ന്‌ എ.സി. മൊയ്‌തീന്‌ അറിയാമായിരുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ്‌ ഡേവിസ്‌ കാട വഴിയാണു സതീഷ്‌ മൊയ്‌തീനുമായി ബന്ധം സ്‌ഥാപിക്കുന്നത്‌. പിന്നീടുള്ള ഇടപാടുകള്‍ മൊയ്‌തീനും സതീഷുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു നടത്തി.”-ജിജോറിന്റെ മൊഴിയില്‍ പറയുന്നു.
കേസിലെ മുഖ്യപ്രതിയായ സതീഷ്‌ കുമാറിന്റെ ഇടനിലക്കാരനാണു ജിജോര്‍. കരുവന്നൂരിലേയും മറ്റു സഹകരണബാങ്കുകളിലേയും ഇടപാടുകള്‍ സതീശന്‍ നടത്തിയിരുന്നത്‌ ജിജോര്‍ മുഖേനയായിരുന്നു.

Facebook Comments Box

By admin

Related Post