ബാങ്ക് ജീവനക്കാരെ അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ എസ്.എല്‍.ബി.സി. നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ഇ.എഫ്.ഐ.
“വികസിത് ഭാരത് സങ്കല്പ യാത്ര”യുടെ വേദിയെ ബാങ്ക് ജീവനക്കാരെ അസഭ്യം പറയാനും, ഭീഷണിപ്പെടുത്താനുമുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ് സുരേഷ് ഗോപിയെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ തന്റെ തരംതാണ രാഷ്ട്രീയ പ്രസംഗത്തിനാണ് സുരേഷ് ഗോപി ഒന്നിലധികം വേദികളില്‍ തുനിഞ്ഞിരിക്കുന്നതെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസ്താവിച്ചു. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ ആഭിമുഖ്യത്തില്‍ ബാങ്കുകളുടെ ചിലവില്‍ സംഘടിപ്പിച്ചിട്ടുള്ള വേദിയില്‍ ബാങ്കിൻ്റെ ഉന്നത അധികാരികളെയടക്കം വേദിയിലിരുത്തി തൻ്റെ രാഷ്ട്രീയ പ്രചരണത്തിനായി ഒരു ഭരണഘടനാ പദവിയും വഹിക്കാത്ത സുരേഷ് ഗോപി ബാങ്ക് ജീവനക്കാരെ അടച്ചാക്ഷേപിക്കുന്നതിനാണ് മുതിര്‍ന്നതെന്നും സമിതി പ്രസ്താവനയില്‍ ഉന്നയിച്ചു.
‘ മുദ്രാ വായ്പകള്‍ നല്‍കാത്ത മാലിന്യങ്ങള്‍ എന്ന അദ്ദേഹത്തിന്റെ പ്രയോഗം കണക്കുകളുടെ പിൻബലം ഇല്ലാത്തതും, അദ്ദേഹത്തിൻ്റെ സംസ്കാരത്തിന് മാത്രം ചേരുന്നതുമാണ്. ഇന്ത്യയിലാകെ 46 കോടി മുദ്രാ വായ്പകളിലായി 23 ലക്ഷം കോടി രൂപയുടെ വിതരണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ 17,81,474 വായ്പകളിലായി 15,079 കോടി രൂപ നല്‍കിയിട്ടുണ്ട്. ജനസംഖ്യ ആനുപാതികമായി വലിയ സംസ്ഥാനങ്ങളെക്കാള്‍ വായ്പ കേരളത്തില്‍ വിതരണം ചെയ്തിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തില്‍ 5333 പേര്‍ക്ക് കേരളത്തില്‍ മുദ്രാ വായ്പകള്‍ നല്‍കിയപ്പോള്‍ ഗുജറാത്തില്‍ 2952, യു.പി. 3407, മഹാരാഷ്ട്ര 4674, മദ്ധ്യപ്രദേശ് 5097 എന്നിങ്ങനെയാണ് കണക്കുകള്‍. മുദ്രാ വായ്പകള്‍ നല്‍കാത്ത ബാങ്ക് ജീവനക്കാര്‍ പെൻഷൻ പറ്റി ജീവിക്കാല്‍ അര്‍ഹരല്ല എന്നും, വായ്പ നിഷേധിച്ചാല്‍ ബി.ജെ.പി.നേതാവിനെ കൂട്ടി ശാഖയിലേക്ക് പട നയിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ഭീഷണിയുടെ സ്വരത്തിലുള്ള ആഹ്വാനം രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതും, പ്രകോപനം സൃഷ്ടിക്കുന്നതുമാണ്.’ബി.ഇ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ മുദ്രാ വായ്പകള്‍ നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ തന്നെ മാനദണ്ഡങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഇത് മനസ്സിലാക്കാതെയോ, അറിഞ്ഞിട്ടും അത് ഭാവിക്കാതെയോ തരം താണ രാഷട്രീയ നേട്ടത്തിനായി ബാങ്ക് ജീവനക്കാരെ അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ ഉചിതമായ നിയമനടപടികള്‍ കൈക്കൊള്ളാൻ തയ്യാറാകണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോട് പ്രസ്‍താവനയില്‍ അറിയിച്ചു.