Fri. May 3rd, 2024

വിജയിച്ചാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആവേണ്ട സിറ്റിംഗ് സീറ്റ് തോറ്റിട്ടും പാഠം പഠിക്കാതെ കാഞ്ഞിരപ്പള്ളിയിലെ കേരള കോൺഗ്രസ് (എം)

By admin Dec 16, 2023 #Kanjirappally #KCM #N Jayaraj
Keralanewz.com

11611 വോട്ടർമാരുള്ള ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 1831 വോട്ടുമാത്രം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ വിമല ജോസഫിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ബെ ഇലക്ഷനിൽ എൽഡിഎഫ് സ്ഥാനാർഥി വൻ പരാജയമാണ് നേരിട്ടത്. 11611 വോട്ടർമാരുള്ള ഡിവിഷനിൽ 5654 (48.7%) പേര് വോട്ടു ചെയ്തു. എൽഡിഎഫിന് കിട്ടിയതാവട്ടെ വെറും 1831 മാത്രം. ആകെ വോട്ടർമാരുടെ വെറും 15% വോട്ടുമാത്രം

സിറ്റിംഗ് സീറ്റ് തോറ്റതാവട്ടെ 1155 വോട്ടുകൾക്ക്. രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കേരള കോൺഗ്രസ് എമ്മിനുള്ളതാണ്. വനിതാ സംവരണമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് കേരള കോൺഗ്രസ് എമ്മിനുള്ള ഏക വനിതയായ വിമല ജോസഫ് ആയിരുന്നു പ്രസിഡണ്ട് ആവേണ്ടിയിരുന്നത്. എന്നാൽ വിമല ജോസഫിന്റെ അകാല നിര്യാണത്താൽ കേരള കോൺഗ്രസ് എമ്മിന് വനിതകൾ ഇല്ലാതാവുകയാണ്

അതുകൊണ്ടുതന്നെ ബൈ ഇലക്ഷനിൽ വിജയിച്ചു വരുന്ന സ്ഥാനാർത്ഥിക്ക് പ്രസിഡണ്ട് ആകുവാൻ കഴിയുമായിരുന്നു. ഒപ്പം തന്നെ കൂട്ടിക്കൽ ഡിവിഷനിൽ സിപിഐയുടെ വനിതാ സ്ഥാനാർത്ഥിയും പരാജയപ്പെട്ടിരുന്നു. കേരള കോൺഗ്രസിന് വനിതാ മെമ്പർ ഇല്ലാതാവുന്നതോടുകൂടി പ്രസിഡണ്ട് സ്ഥാനം സിപിഎമ്മിന് തന്നെ തുടരാനും കഴിയും.ഇത്രയേറെ വാശിയേറിയ ഒരു ഉപതെരഞ്ഞെടുപ്പിൽ, പോളിംഗ് ശതമാനം 48.7 മാത്രമായതിനെപ്പറ്റിയോ പരാജയത്തിന്റെ കാരണങ്ങളെപ്പറ്റിയോ ഒന്ന് പഠിക്കുവാൻ പോലും കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. പാർട്ടിയുടെ നിലവിലെ പ്രവർത്തനത്തിൽ അസംതൃപ്തരായ പാർട്ടി പ്രവർത്തകരും അനുഭാവികളും ഇലക്ഷനിൽ നിന്നും വിട്ടുനിന്നു എന്നും മനസ്സിലാക്കാം

അതോടൊപ്പം തന്നെ വിജയിച്ചാൽ പ്രസിഡണ്ട് സ്ഥാനം കൈമാറണമെന്ന് ധാരണയുള്ളതിനാൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വോട്ടുകൾ പൂർണ്ണമായും ചെയ്തിട്ടില്ല എന്നും വിലയിരുത്തപ്പെടുന്നു. പൊതുവേ പോളിംഗ് ശതമാനം താഴുമ്പോൾ ഇടതു മുന്നണിക്ക് അനുകൂലമാകാറുണ്ടെങ്കിലും ഇവിടെ വൻ തോൽവിയാണ് ഇടതു സ്ഥാനാർത്ഥിക്ക് ഉണ്ടായത്. എംഎൽഎയുടെ പ്രവർത്തനങ്ങളിലുള്ള അമർഷവും എംഎൽഎയുടെ ഒപ്പം കേരള കോൺഗ്രസുമായി ബന്ധമില്ലാത്ത സ്റ്റാഫുകൾ പ്രവർത്തിക്കുന്നതും അത്തരം സ്റ്റാഫുകളിൽ നിന്നും ദുരവസ്ഥകൾ പാർട്ടി പ്രവർത്തകർക്കും പൊതുജനത്തിനും ഉണ്ടാകുന്നതും തോൽവിയുടെ കാരണങ്ങളിൽ ഒന്നാണ്

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഏറെക്കാലം മണ്ഡലം പ്രസിഡണ്ട് ആയിരുന്ന സ്റ്റെനിസ്ളാവോസ് വെട്ടിക്കാട്ട്, എംഎൽഎയുള്ള പിണക്കം മൂലം പാർട്ടി വിട്ടുപോയതും ഈ തോൽവിക്ക് കാരണമായിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 50 വർഷമായി കേരള കോൺഗ്രസ് (എം) ഭരിച്ചുകൊണ്ടിരുന്ന ബാങ്കും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ഉടനീളം സിപിഎമ്മിന്റെ നേതൃത്വത്തിൽ, എംഎൽഎയുടെ ഒത്താശയോടെ, കേരള കോൺഗ്രസ് (എം) പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഒതുക്കുകയാണ് എന്ന പരാതി പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. എംഎൽഎയുടെ സ്റ്റാഫിൽ സിപിഎം പ്രവർത്തകരെ നിയോഗിച്ച് അവരെയൊപ്പം കൊണ്ടുനടക്കുന്നതും എംഎൽഎയുടെ ഓഫീസിലും വീട്ടിലും കയറിവരുന്ന പാർട്ടി പ്രവർത്തകരെ എംഎൽഎയുടെ സ്റ്റാഫിലുള്ളവർ അപമാനിച്ചിറക്കി വിടുന്നതും നിരന്തര സംഭവമാണ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലുള്ള വെള്ളാവൂർ ബാങ്കും സിപിഎം പിടിച്ചെടുത്തിരുന്നു. പൊതുവേ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലുള്ള കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ അസംതൃപ്തിയാണ് ആനക്കല്ല് ഡിവിഷനിലെ വൻ പരാജയത്തിന് കാരണമായത്. കാരണം ഇതൊക്കെയാണെങ്കിലും ഒരു തിരുത്തൽ വരുത്തുവാനോ കാരണത്തെപ്പറ്റി ചർച്ച ചെയ്യുവാനോ പോലും എംഎൽഎയോ പാർട്ടി നേതൃത്വമോ തയ്യാറാകാത്തത് കേരള കോൺഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പള്ളിയിലെ നിലനിൽപ്പ് തന്നെ അപകടകവസ്ഥയിൽ ആക്കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post