Mon. May 13th, 2024

രാജ്ഭവനെ ബി.ജെ.പി. ക്യാമ്ബ് ഓഫീസാക്കിയ ഗവര്‍ണറെക്കുറിച്ച്‌ കോണ്‍ഗ്രസിന്റെ നിലപാടെന്തെന്ന് ബിനോയ് വിശ്വം

By admin Dec 21, 2023
Keralanewz.com

തൃശൂര്‍: രാജ്ഭവനെ ബി.ജെ.പിയുടെ ക്യാമ്ബ് ഓഫീസാക്കി മാറ്റുന്ന ഗവര്‍ണറെക്കുറിച്ച്‌ കോണ്‍ഗ്രസിന് ഒന്നും പറയാനില്ലേയെന്ന് സി.പി.ഐ.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ചോദിച്ചു. മുന്‍മന്ത്രിയും സി.പി.ഐ. നേതാവുമായിരുന്ന വി.വി. രാഘവന്റെ ജന്മശതാബ്ദി ആഘോഷം റീജിയണല്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ എന്ന പദവി രാഷ്ട്രീയക്കാരന്റേതല്ല. എന്നാല്‍ ഗവര്‍ണര്‍ ആര്‍.എസ്.എസുകാരനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

എല്‍.ഡി.എഫോ ആര്‍.എസ്.എസോ ബി.ജെ.പിയോ ആരാണ് തങ്ങളുടെ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ബി.ജെ.പി. ബാന്ധവമാണിപ്പോള്‍ കാണുന്നത്. ഇത് വലിയ വിപത്താണ്. ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തിയ മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റേയും ആശയങ്ങള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കുകയാണെങ്കില്‍ തങ്ങളത് ഏറ്റെടുക്കും.

ജനാധിപത്യത്തെ ഇഷ്ടമില്ലാത്ത മോദി സര്‍ക്കാര്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ശബ്ദങ്ങള്‍ ഇല്ലാതാക്കി. പുറത്താക്കപ്പെട്ട എം.പിമാര്‍ക്കു പുറമേ പത്രക്കാര്‍, മുന്‍ എം.പിമാര്‍, മന്ത്രിമാരുടെ പി.എമാര്‍ എന്നിവര്‍ക്കും പാര്‍ലമെന്റില്‍ പ്രവേശനമില്ല. ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടന്നിരുന്ന ആ വേദിയെ ഇല്ലാതാക്കി ഫാസിസത്തിന്റെ തേര്‍വാഴ്ച നടക്കുമ്ബോള്‍ അതിനെതിരേ പോരാടുന്നതിനു പകരം ബി.ജെ.പിയുമായി കൂട്ടുകൂടാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കണം. എം.പിമാര്‍ക്ക് പ്രവേശനം നിഷേധിച്ച പാര്‍ലമെന്റില്‍ ബി.ജെ.പി. എം.പിയുടെ കത്തുമായി രണ്ടുപേര്‍ കയറി.

അവരുടെ പക്കല്‍ വിഷവാതകമോ സ്‌ഫോടകവസ്തുക്കളോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പാര്‍ലമെന്റിലെ ആക്രണത്തെക്കുറിച്ചു സഭയില്‍ വിശദീകരണം വേണം. മാത്രമല്ല, ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി എന്താണ് സംസാരിച്ചതെന്നു മോദി ജനങ്ങളോട് പറയണമെന്നുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ഫാസിസ്റ്റുകള്‍ക്ക് പാര്‍ലമെന്റിനോട് യാതൊരു ആദരവുമില്ല. വേണ്ടിവന്നാല്‍ അവര്‍ പാര്‍ലമെന്റ് കത്തിക്കുകയും ചെയ്യും.

1930ല്‍ ഫാസിസ്റ്റുകള്‍ ജര്‍മന്‍ പാര്‍ലമെന്റ് കത്തിച്ച ചരിത്രാനുഭവം നമ്മുടെ മുന്നിലുണ്ട്. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ എവിടെയാണ് ജനാധിപത്യം. പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു കോട്ടയാണ്. അവിടെ ചര്‍ച്ചകളില്ല. വിമര്‍ശനങ്ങളില്ല. ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടാണ് താനടക്കമുള്ളവരെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Facebook Comments Box

By admin

Related Post