Sun. May 19th, 2024

കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച്‌ 60 പേര്‍ക്ക്‌ പരുക്ക്‌

By admin Dec 28, 2023
Keralanewz.com

പത്തനംതിട്ട: കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച്‌ 60 പേര്‍ക്ക്‌ പരുക്ക്‌. ഒരാളുടെ നില ഗുരുതരം. പത്തനംതിട്ട-അടൂര്‍ റോഡില്‍ കൈപ്പട്ടൂര്‍ തെരുവ്‌ ജങ്‌ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.15നായിരുന്നു അപകടം.

പത്തനംതിട്ടയില്‍നിന്നു തിരുവനന്തപുരത്തേക്കു പോയ സ്വിഫ്‌റ്റ്‌ സൂപ്പര്‍ ഫാസ്‌റ്റ്‌ ബസും തിരുവനന്തപുരത്തുനിന്നു മുണ്ടക്കയത്തിനു പോയ സൂപ്പര്‍ ഫാസ്‌റ്റ്‌ ബസുമാണ്‌ കൂട്ടിയിടിച്ചത്‌. നാട്ടുകാരാണ്‌ ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്‌. 36 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 22 പേരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിക്കവര്‍ക്കും കൈക്കും കാലിനും തലയ്‌ക്കുമാണു പരുക്ക്‌.
ഗുരുതരമായി പരുക്കേറ്റ മുണ്ടക്കയം ബസിന്റെ ഡ്രൈവര്‍ ജിജി സക്കറിയ(42)യെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തില്‍ സീറ്റിനും സ്‌റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിയ ഡ്രൈവറുടെ തുടയെല്ല്‌ തകര്‍ന്നു. പത്തനംതിട്ടയില്‍നിന്ന്‌ അഗ്‌നിരക്ഷാസേന എത്തി ഏറെ പണിപ്പെട്ട്‌ സ്‌റ്റിയറിങ്‌ മുറിച്ചുനീക്കിയാണ്‌ ഡ്രൈവറെ പുറത്തെടുത്തത്‌. അമിതവേഗത്തിലെത്തിയ തിരുവനന്തപുരം ബസ്‌, മുണ്ടക്കയം ബസിലേക്ക്‌ ഇടിച്ച്‌ കയറുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പിന്നോട്ട്‌ പോയ തിരുവനന്തപുരം ബസ്‌ പഞ്ചായത്ത്‌ കിണറും സമീപത്തെ വീടിന്റെ മതിലും തകര്‍ത്തു.
രണ്ടുബസിന്റെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പത്തനംതിട്ട പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്കു വിദഗ്‌ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി. നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ആശുപത്രി സൂപ്രണ്ട്‌ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
അഗ്‌നിരക്ഷാസേന പത്തനംതിട്ട സ്‌റ്റേഷന്‍ ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ജയരാജ്‌, ഫയര്‍ ഓഫീസര്‍മാരായ നൗഷാദ്‌, രഞ്‌ജിത്ത്‌, ശാന്തികുമാര്‍, മനസൂര്‍, ജിഷ്‌ണു എന്നിവരാണ്‌ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്‌.

Facebook Comments Box

By admin

Related Post