Kerala NewsLocal News

റബര്‍ ഉല്‍പാദനം മൂര്‍ധന്യത്തില്‍: വെബ്‌സൈറ്റ്‌ നിശ്‌ചലം; റബര്‍ വില സ്‌ഥിരതാ പദ്ധതി നിലച്ചു, നാലുലക്ഷത്തോളം ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല,

Keralanewz.com

കോട്ടയം: ബില്ലുകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ കഴിയുന്നില്ല, റബര്‍ ഉല്‍പാദനത്തിന്റെ മൂര്‍ധന്യകാലത്ത്‌ സംസ്‌ഥാന സര്‍ക്കാരിന്റെ റബര്‍ വില സ്‌ഥിരതാ പദ്ധതി പ്രതിസന്ധിയില്‍.

കഴിഞ്ഞ മാസം ആറിനു വെബ്‌സൈറ്റ്‌ പ്രവര്‍ത്തനം നിലച്ചതോടെ, നാലു ലക്ഷത്തോളം ബില്ലുകള്‍ ആര്‍.പി.എസുകളിലും റബര്‍ ബോര്‍ഡ്‌ ഫീല്‍ഡ്‌ ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്‌. കഴിഞ്ഞ വര്‍ഷത്തെ 54.36 കോടി രൂപ കുടിശിക നിലനില്‍ക്കേയാണ്‌ വെബ്‌സൈറ്റ്‌ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുന്നത്‌.നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌ സെന്ററാണ്‌ വെബ്‌സൈറ്റ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ഈ ഇനത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ 15 കോടിയോളം രൂപ എന്‍.ഐ.സിക്കു നല്‍കാനുണ്ട്‌. കഴിഞ്ഞ നവംബറില്‍ സര്‍ക്കാരും എന്‍.ഐ.സിയുമായുള്ള കരാര്‍ അവസാനിക്കുകയും കുടിശിക തുക ആവശ്യപ്പെട്ട്‌ എന്‍.ഐ.സി. കത്ത്‌ അയയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, അനുകൂല മറുപടിയൊന്നുമുണ്ടായില്ല. പിന്നാലെ, ഡിസംബര്‍ ആറിനു വെബ്‌സൈറ്റ്‌ പ്രവര്‍ത്തനം നിലച്ചു. സംസ്‌ഥാനത്തെ വിവാദമായ ഒരു കമ്ബനിക്കു വെബ്‌സൈറ്റിന്റെ ചുമതല കൈമാറാനുള്ള നീക്കമാണ്‌ അണിയറയില്‍ നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്‌.

ജൂലൈയില്‍ ആരംഭിച്ച്‌ ജൂണില്‍ അവസാനിക്കുന്ന രീതിയിലാണ്‌ വിലസ്‌ഥിരതാ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ ബജറ്റിലും 600 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിരുന്നു. ഇത്തവണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഒക്‌ടോബറിലാണ്‌ ബില്ലുകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ അവസരമൊരുങ്ങിയത്‌. കര്‍ഷകര്‍ക്ക്‌ ആറു കോടി രൂപ ലഭിക്കേണ്ട 48,000 ബില്ലുകള്‍ അപ്‌ലോഡ്‌ ചെയ്‌തതിനു പിന്നാലെയാണ്‌ സൈറ്റ്‌ നിശ്‌ചലമായത്‌. കഴിഞ്ഞ വര്‍ഷം 8.17ലക്ഷം ബില്ലുകള്‍ അപ്‌ലോഡ്‌ ചെയ്‌തിരുന്നുവെന്നത്‌ ആര്‍.പി.എസുകളിലും ഫീല്‍ഡ്‌ ഓഫീസുകളിലും എത്ര ബില്ലുകള്‍ കെട്ടിക്കിടക്കുന്നുവെന്നത്‌ വ്യക്‌തമാക്കും.

മഴ പൂര്‍ണമായി മാറി റബര്‍ ഉത്‌പാദനം സജീവമായിരിക്കേയാണ്‌ പ്രതിസന്ധിയെന്നത്‌ കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യാന്തര വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ആഭ്യന്തര വില ദിവസങ്ങളായി 150 രൂപയ്‌ക്കു മുകളിലാണ്‌. ഷീറ്റ്‌ റബറിന്റെ വിലയിലെ കുറവ്‌, ഉല്‍പാദനച്ചെലവ്‌, വില സ്‌ഥിരതാ പദ്ധതിയിലെ അസ്‌ഥിരത തുടങ്ങിയ കാരണങ്ങളാലും ലാറ്റക്‌സ്‌ വിപണിയുടെ തുടര്‍ച്ചയായ ചാഞ്ചാട്ടവും കര്‍ഷകരെ ഒട്ടുപാല്‍ ഉത്‌പാദനത്തിനു പ്രേരിപ്പിക്കുകയാണ്‌. ഷീറ്റ്‌ റബറും ലാറ്റക്‌സും വില്‍ക്കുന്നവരുടെ ഏക പ്രതീക്ഷ വില സ്‌ഥിരതാ പദ്ധതിയായിരുന്നു. നിലവില്‍, ഭൂരിഭാഗം കര്‍ഷകരും ഒട്ടുപാലാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. ഇതോടെ, ഒട്ടുപാല്‍ വാങ്ങുന്ന മില്ലുകളിലെ ഗോഡൗണുകള്‍ നിറഞ്ഞ സാഹചര്യവുമാണ്‌.

ഷിന്റോ തോമസ്‌

Facebook Comments Box