Fri. May 3rd, 2024

കെ.എസ്.ആര്‍.ടി.സിയില്‍ മാനന്തവാടിയില്‍ പെയിന്റര്‍മാര്‍ ഉണ്ടായിരിക്കെ പെയിന്റടിക്കാൻ ചുരമിറക്കിയത് എട്ടു ബസുകള്‍

By admin Jan 22, 2024
Keralanewz.com

മാനന്തവാടി: സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ കെ.എസ്.ആർ.ടി.സിയില്‍ ധൂർത്ത് രൂക്ഷം . മാനന്തവാടി ഡിപ്പോയില്‍നിന്ന് പെയിന്റടിക്കാനായി ബസുകള്‍ കൂട്ടത്തോടെ ചുരമിറക്കി പാലക്കാട് ഡിപ്പോയില്‍ എത്തിച്ചു.

മാനന്തവാടിയില്‍ ആറു പെയിന്റർമാർ ഉണ്ടായിരിക്കെയാണ് ബസുകള്‍ ചുരമിറക്കിയത്. കെ.എസ്.ആർ.ടി.സി ആസ്ഥാനത്തുനിന്നുള്ള നിർദേശപ്രകാരമാണ് ബസുകള്‍ പാലക്കാട്ടേക്ക് കൊണ്ടുപോയതെന്നാണ് ഡിപ്പോ അധികൃതർ നല്‍കുന്ന വിശദീകരണം.

മാനന്തവാടിയില്‍നിന്ന് ബസുമായി പാലക്കാട്ടെത്തുന്ന ഡ്രൈവർ പിറ്റേദിവസം ലൈൻ ബസില്‍ വേണം യാത്ര ചെയ്യാൻ. രണ്ടു ദിവസത്തെ ഡ്യൂട്ടി ചെയ്യേണ്ടിവരും. പെയിന്റിങ് പൂർത്തിയാക്കിയ ബസുകള്‍ തിരികെ കൊണ്ടുവരാനും ഇതേ രീതിയില്‍ ഡ്യൂട്ടി നല്‍കേണ്ടിവരും. 460 കി.മീ. ഓടിയാണ് ബസുകള്‍ തിരികെ മാനന്തവാടിയിലെത്തുക. എണ്ണച്ചെലവുകൂടി കൂട്ടിയാല്‍ നഷ്ടം കൂടും. കല്‍പറ്റയിലും ബത്തേരിയിലും ബസിന് പെയിന്റടിക്കാൻ ആളുകള്‍ ഉണ്ടെന്നിരിക്കെയാണ് ഇത്രയും ദൂരത്തേക്ക് ബസുകള്‍ കൊണ്ടുപോകാൻ നിർദേശം നല്‍കിയത്. ബസുകള്‍ കൂട്ടത്തോടെ സർവിസ് മുടക്കിയതോടെ ഗ്രാമീണ മേഖലയിലടക്കം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്.

Facebook Comments Box

By admin

Related Post