Thu. May 16th, 2024

മസാലബോണ്ട്‌: ഇ.ഡിക്ക്‌ ഐസക്കിന്റെ മറുപടി , തീരുമാനിച്ചത്‌ മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡ്‌

By admin Jan 24, 2024
Keralanewz.com

കൊച്ചി/അടൂര്‍ : കിഫ്‌ബി മസാല ബോണ്ട്‌ സംബന്ധിച്ച്‌ തീരുമാനമെടുത്തതു മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്‌ടര്‍ ബോര്‍ഡാണെന്നും തനിക്കു മാത്രമായി ഉത്തരവാദിത്വമില്ലെന്നും മുന്‍മന്ത്രി ടി.എം.

തോമസ്‌ ഐസക്‌. തനിക്ക്‌ ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണുണ്ടായിരുന്നതെന്നും ഇ.ഡിക്കു നല്‍കിയ ഏഴ്‌ പേജ്‌ മറുപടിയില്‍ ഐസക്‌ വ്യക്‌തമാക്കി.
ഇ.ഡി. മൂന്നാമതും നല്‍കിയ നോട്ടീസ്‌ പ്രകാരം കഴിഞ്ഞ 12-നാണ്‌ ഐസക്‌ ഹാജരാകേണ്ടിയിരുന്നത്‌. എന്നാല്‍, അദ്ദേഹം നേരിട്ടെത്താതെ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. കിഫ്‌ബി രൂപീകരിച്ചതുമുതല്‍ 17 അംഗ ഡയറക്‌ടര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണെന്നും മുഖ്യമന്ത്രിയാണു ചെയര്‍മാനെന്നും മറുപടിയില്‍ ഐസക്‌ ചൂണ്ടിക്കാട്ടി. ധനമന്ത്രിയെന്ന നിലയില്‍ തനിക്കു യാതൊരു പ്രത്യേകാധികാരവും ഇല്ലായിരുന്നു. കിഫ്‌ബി വൈസ്‌ ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രിയെന്ന നിലയില്‍ വഹിക്കേണ്ടിവന്നതാണ്‌. മന്ത്രിസ്‌ഥാനം ഒഴിഞ്ഞതോടെ കിഫ്‌ബിയുടെ രേഖകളോ കണക്കുകളോ തനിക്കു ലഭ്യമല്ലെന്ന്‌ ഐസക്‌ കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തിലൂടെയും വ്യക്‌തമാക്കിയിരുന്നു.
കിഫ്‌ബി മസാലബോണ്ട്‌ സംബന്ധിച്ചു വിശദീകരണം തേടാനാണു കഴിഞ്ഞ 12-ന്‌ ഐസക്കിനോട്‌ ഇ.ഡി. ഹാജരാകാനാവശ്യപ്പെട്ടത്‌. എന്നാല്‍, ഹാജരായില്ല. ആദ്യം ഇ.ഡി. നല്‍കിയ രണ്ട്‌ സമന്‍സുകള്‍ ഹൈക്കോടതിയില്‍ അദ്ദേഹം ചോദ്യംചെയ്‌തിരുന്നു. ആ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ കോടതി കഴിഞ്ഞമാസം അവസാനിപ്പിക്കുകയും ചെയ്‌തു. ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണമോ (റോവിങ്‌ എന്‍ക്വയറി) പരാതി സ്‌ഥാപിച്ചെടുക്കാനായുള്ള അന്വേഷണമോ നടത്തരുതെന്ന്‌ ഇ.ഡിയോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിലവില്‍ ഇ.ഡി. നല്‍കിയ സമന്‍സ്‌ കോടതിവിധിയുടെ അന്തഃസത്ത മാനിക്കാത്തതാണെന്ന്‌ ഐസക്‌ വാദിക്കുന്നു.

“അപമാനിക്കാന്‍ നീക്കം; അറസ്‌റ്റ്‌ ഭയക്കുന്നില്ല”

മസാല ബോണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കും കിഫ്‌ബി ഇ.ഡിക്കു നല്‍കിയതാണ്‌. എന്നിട്ടും തന്നോടു കണക്കുകള്‍ ആവശ്യപ്പെടുന്നത്‌ അപമാനിക്കാനാണെന്ന്‌ ഐസക്‌ അടൂരില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
മസാല ബോണ്ട്‌ കൂട്ടായ തീരുമാനമായിരുന്നു. വ്യക്‌തിപരമായി കണക്ക്‌ കൊടുക്കേണ്ട ആവശ്യമില്ല. ഇ.ഡിക്കു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ തയാറാണ്‌. പക്ഷേ, എന്താണു നിയമലംഘനമെന്ന്‌ ഇ.ഡി. വ്യക്‌തമാക്കണം. അറസ്‌റ്റ്‌ ചെയ്‌ത്‌ ശരിപ്പെടുത്തിക്കളയാമെന്ന്‌ ആരും കരുതേണ്ട.
അറസ്‌റ്റ്‌ ഭയക്കുന്നില്ല. തെരഞ്ഞെടുപ്പ്‌ അടുക്കുന്തോറും പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പണ്ടില്ലാത്ത പേടിയാണെന്നും ഐസക്‌ പരിഹസിച്ചു.

Facebook Comments Box

By admin

Related Post