Thu. May 16th, 2024

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ല ; എസ്‌എഫ്‌ഐ യുമായി സംസാരിക്കുമെന്ന് എം.വി.ഗോവിന്ദന്‍

By admin Feb 7, 2024
Keralanewz.com

കണ്ണൂര്‍: വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും ബജറ്റ് നിര്‍ദേശം എസ്‌എഫ്‌ഐയുമായും മറ്റെല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും സിപിഎം നയത്തില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ലെന്നും ഇനി എതിര്‍ക്കുകയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബജറ്റ് തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദന്റെ പ്രതികരണം.

സ്വകാര്യമേഖല പാടില്ലെന്ന് പറഞ്ഞല്ല മുമ്ബ് സമരം നടത്തിയതെന്ന് ഇന്നലെ പറഞ്ഞ എം.വി.ഗോവിന്ദന്‍ ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തതെന്നും പറഞ്ഞു. ഇഎംഎസിന്റെ കാലം തൊട്ടേ കേരളത്തില്‍ സ്വകാര്യമേഖലയുണ്ട്. പിണറായി ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ടെന്നും ഇതൊരു മുതലാളിത്ത സമൂഹം തന്നെയാണെന്നും പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ഈ ഗവണ്‍മെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങള്‍ക്കില്ല. ഭരണം മാത്രമേ 5 കൊല്ലത്തില്‍ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ലാത്തത് പരിമിതിയാണെന്നും പറഞ്ഞു. കേരളത്തില്‍ വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇതു സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പറഞ്ഞിരുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ക്കു സര്‍ക്കാര്‍നിയന്ത്രണം വേണമെന്നും എസ്.എഫ്.ഐ. ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞത്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഇത്തരം സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുകയെന്നും അവര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനമെടുത്തിട്ടില്ല. ആ ദിശയില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ-മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Facebook Comments Box

By admin

Related Post