Sat. May 4th, 2024

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് MPമാര്‍ക്കെതിരെ പ്രതിഷേധവുമായി DMK പ്രാദേശിക നേതൃത്വം; സീറ്റ് തിരിച്ചെടുക്കണമെന്നാവശ്യം

By admin Feb 7, 2024 #congress #DMk
Keralanewz.com

ചെന്നൈ: കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി.മാർക്കെതിരേ രൂക്ഷ വിമർശനവുമായി ഡി.എം.കെ. പ്രാദേശികനേതാക്കള്‍ രംഗത്തെത്തി. മണ്ഡലത്തില്‍ എം.പി.മാരുടെ പ്രവർത്തനം മോശമാണെന്നും ഇവരില്‍നിന്ന് സീറ്റ് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്

കോണ്‍ഗ്രസ് നേതാക്കളായ എം.പി.മാർക്കെതിരേയാണ് വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ മണ്ഡങ്ങളിലെയും നേതാക്കളുമായി ഡി.എം.കെ. തിരഞ്ഞെടുപ്പ് സമിതി ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിലാണ് സീറ്റ് തിരിച്ചുപിടിക്കണമെന്ന ആവശ്യമുയർന്നത്.

എ.ഐ.സി.സി. അംഗംകൂടിയായ വിരുദുനഗർ എം.പി. മാണിക്കം ടാഗോർ, ടി.എൻ.സി.സി. വർക്കിങ് പ്രസിഡന്റ് വിഷ്ണുപ്രസാദ് (ആറണി), ജ്യോതിമണി (കരൂർ), തിരുനാവക്കരശർ (തിരുച്ചിറപ്പള്ളി) തുടങ്ങിയവർക്കെതിരേയാണ് കഴിഞ്ഞദിവസങ്ങളില്‍ വിമർശനമുണ്ടായത്. ഡി.എം.കെ. ഈ സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ആവശ്യം. കന്യാകുമാരി സീറ്റ് സ്ഥിരമായി കോണ്‍ഗ്രസിന് നല്‍കുന്നതിലും എതിർപ്പ് അറിയിച്ചിട്ടുണ്ട്.

ഓരോ മണ്ഡലങ്ങളിലെയും നേതാക്കളുടെ അഭിപ്രായം പരിഗണിക്കുന്നുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് പാർട്ടി അധ്യക്ഷൻകൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനായിരിക്കുമെന്നും തിരഞ്ഞെടുപ്പ് സമിതിക്ക് നേതൃത്വം നല്‍കുന്ന മന്ത്രി കെ.എൻ. നെഹ്റു പറഞ്ഞു. കോണ്‍ഗ്രസിന്റെ സീറ്റ് വെട്ടിക്കുറയ്ക്കണമെന്നാണ് നെഹ്റു അടക്കമുള്ള ഡി.എം.കെ.യിലെ മറ്റു നേതാക്കളുടെയും അഭിപ്രായം.

കഴിഞ്ഞതവണ തമിഴ്നാട്ടില്‍ ഒമ്ബതും പുതുച്ചേരിയില്‍ ഒരു സീറ്റുമാണ് കോണ്‍ഗ്രസിന് ഡി.എം.കെ. സഖ്യത്തില്‍ അനുവദിച്ചത്. ഇതില്‍ തമിഴ്നാട്ടിലെ ഒരു സീറ്റില്‍ ഒഴികെ എല്ലായിടത്തും വിജയിച്ചിരുന്നു. ഇത്തവണ ഏഴില്‍ കൂടുതല്‍ നല്‍കേണ്ടതില്ലെന്ന അഭിപ്രായം ശക്തമാണ്.
കോൺഗ്രസ് ദേശീയ നേതൃത്വം ബലഹീനമായതുകൊണ്ട് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ അടക്കമുള്ള നേതാക്കൾ സുരക്ഷിത മണ്ഡലം തിരയുന്ന അവസരത്തിൽ ഇതു പോലുള്ള അപശ്രുതികൾ ഉയരുന്നത് പാർട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

Facebook Comments Box

By admin

Related Post