Thu. May 2nd, 2024

വാട്സ്‌ആപ്പില്‍ രണ്ട് മാറ്റങ്ങള്‍ വരുന്നു; കാഴ്ചക്കാരൻ ഉടമയാകും, ഒപ്പം പുതിയ സ്റ്റാറ്റസ് ട്രേയും!

By admin Feb 19, 2024
Keralanewz.com

വാട്സ്‌ആപ്പ് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താൻ മെറ്റ തയാറെടുത്തിരിക്കുന്നു. പുതിയ രണ്ട് കിടിലൻ ഫീച്ചറുകള്‍ ഉടൻ വാട്സ്‌ആപ്പില്‍ എത്തുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു.

ഉപയോക്താക്കളുടെ വാട്സ്‌ആപ്പ് ഉപയോഗം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഫീച്ചറുകള്‍ മെറ്റ ഇടയ്ക്കിടയ്ക്ക് പുറത്തിറക്കാറുണ്ട്. അ‌തില്‍ ഏറ്റവും പുതിയ ഫീച്ചറുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വാബീറ്റ ഇൻഫോ ( WABetaInfo ) യുടെ പുതിയ റിപ്പോർട്ട് പ്രകാരം, വാട്സ്‌ആപ്പ് ഉടൻ അ‌വതരിപ്പിക്കാൻ പോകുന്ന പുതിയ രണ്ട് ഫീച്ചറുകളില്‍ ആദ്യ ഫീച്ചർ വാട്സ്‌ആപ്പ് ചാനലുകളുമായി ബന്ധപ്പെട്ടുള്ളതാണ്. വാട്സ്‌ആപ്പ് അ‌ടുത്തിടെ അ‌വതരിപ്പിച്ച ഒരു വണ്‍ വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്സ്‌ആപ്പ് ചാനല്‍സ്.

തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളെയും മറ്റ് പ്രമുഖരെയും സ്ഥാപനങ്ങളെയുമൊക്കെ പിന്തുടരാൻ വാട്സ്‌ആപ്പ് ചാനല്‍ വാട്സ്‌ആപ്പ് ഉപയോക്താക്കളെ സഹായിക്കും. വാട്സ്‌ആപ്പ് ചാനല്‍ ഉടമകള്‍ പങ്കുവയ്ക്കുന്ന അ‌പ്ഡേറ്റുകളും മെസേജുകളുമൊക്കെ കാണാൻ സാധിക്കുമെങ്കിലും അ‌തിനോട് പ്രതികരിക്കാൻ ചാനല്‍ പിന്തുടരുന്ന വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. ഇപ്പോള്‍ വാട്സ്‌ആപ്പ് ചാനല്‍സില്‍ പുതിയ ഫീച്ചർ അ‌വതരിപ്പിച്ചുകൊണ്ട് ചാനലുകളുടെ പ്രവർത്തനത്തില്‍ മാറ്റം വരുത്തുകയാണ് വാട്സ്‌ആപ്പ്.

ഇനി വാട്സ്‌ആപ്പ് ചാനല്‍സില്‍ കാഴ്ചക്കാരന് അ‌തായത് ഫോളോവർക്ക് വേണമെങ്കില്‍ ചാനലിന്റെ ഉടമയാകാം. എന്നാല്‍ അ‌തിന് ഉടമ വിചാരിക്കണം എന്നുമാത്രം. WABetaInfo റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ (2.24.4.22), വാട്സ്‌ആപ്പ് ഒരു പുതിയ ഫീച്ചർ ചേർത്തിരിക്കുന്നു, ഇത് ഒരു ചാനലിൻ്റെ ഉടമയെ അ‌തിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാൻ അനുവദിക്കുന്നു.

കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഒരു ചാനലിൻ്റെ നിലവിലെ ഉടമയ്ക്ക് യോഗ്യരായ ഉപയോക്താക്കളുടെ ഒരു ലിസ്റ്റില്‍ നിന്ന് ഒരു പുതിയ ഉടമയെ തിരഞ്ഞെടുത്ത് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ കഴിയും. യഥാർത്ഥ ഉടമ അയച്ച റിക്വസ്റ്റ് പുതിയ ഉടമ സ്വീകരിക്കുകയാണെങ്കില്‍, സെറ്റിങ്സും ഡീറ്റെയില്‍സും മാനേജുചെയ്യുന്നത് ഉള്‍പ്പെടെ ചാനലിന് മേല്‍ പൂർണ്ണമായ അഡ്മിനിസ്ട്രേറ്റീവ് അവകാശങ്ങള്‍ അ‌യാള്‍ക്ക് ലഭിക്കും.

ഈ പുതിയ ഫീച്ചർ നിലവില്‍ ഘട്ടം ഘട്ടമായാണ് റോളൗട്ട് ചെയ്യുന്നത്. തുടക്കത്തില്‍ ഒരു പരിമിതമായ ബീറ്റ ടെസ്റ്ററുകള്‍ക്ക് ഈ ഫീച്ചർ ലഭിക്കും. വരും ദിവസങ്ങളില്‍, കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഈ അപ്‌ഡേറ്റ് എത്തും. ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമില്‍ പങ്കെടുത്ത് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചർ പരിശോധിക്കാം.

വാട്സ്‌ആപ്പില്‍ ഉടൻ വരുന്ന രണ്ടാമത്തെ ഫീച്ചർ സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ട്രേയ്‌ക്കായി പുതുക്കിയ യൂസർ ഇൻ്റർഫേസ് വാട്സ്‌ആപ്പ് പരീക്ഷിക്കുന്നതായി വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. “ആൻഡ്രോയിഡ് 2.24.4.23” ബില്‍ഡിലാണ് മാറ്റം കണ്ടെത്തിയത്. ഉപയോക്താവ് ടാബ് തുറന്നാല്‍ല്‍ സ്റ്റാറ്റസ് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാൻ ‘അപ്‌ഡേറ്റ്സ്’ ടാബില്‍ പുതിയ സ്റ്റാറ്റസ് ട്രേ മുകളിലായി സ്ഥാപിക്കും.

ഇതിന്റെ സ്ക്രീൻഷോട്ടും വാബീറ്റഇൻഫോ പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം സ്റ്റോറികള്‍ക്ക് സമാനമായ ഫോർമാറ്റില്‍ സ്റ്റാറ്റസ് പ്രദർശിപ്പിക്കും. നിലവില്‍ കാണുന്ന സ്റ്റാറ്റസ് ടാബ് പുതിയ അ‌പ്ഡേറ്റോടെ അ‌ടിമുടി മാറും. പുതിയ യൂസർ ഇന്റർഫേസ് അ‌പ്ഡേറ്റ് എത്തുന്നതോടെ സ്റ്റാറ്റസ് കാണുന്നത് കൂടുതല്‍ ഈസിയും കൗതുകകരവുമായി മാറും.

ബീറ്റ ടെസ്റ്റർമാർക്കായി പുതിയ സ്റ്റാറ്റസ് ട്രേ അ‌പ്ഡേറ്റും ഉടൻ മെറ്റ പുറത്തിറക്കും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് പറയുന്നത്. ചാനല്‍സ് ഫീച്ചർ എത്തിയതോടെ വാട്സ്‌ആപ്പ് സ്റ്റാറ്റസ് ദൃശ്യമാകുന്ന രീതിയില്‍ മാറ്റം വന്നിരുന്നു. പുതിയ അ‌പ്ഡേറ്റ് എത്തുന്നതോടുകൂടി ഇത് വീണ്ടും മാറും എന്നാണ് റിപ്പോർട്ട്.

Facebook Comments Box

By admin

Related Post