Fri. May 17th, 2024

“അരുത്‌!, കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്‌ക്കരുത്‌… ജയില്‍ശിക്ഷ അടക്കം കര്‍ക്കശമായ ശിക്ഷാവിധികള്‍” മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്‌

By admin Feb 19, 2024
Keralanewz.com

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതും അതുമൂലമുള്ള അപകടങ്ങളും വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്‌.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നത്‌ അവരുടെ ഭാവി തന്നെ നശിപ്പിക്കും. ജയില്‍ശിക്ഷ അടക്കം കര്‍ക്കശമായ ശിക്ഷാവിധികളാണ്‌ മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വകുപ്പ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ മുന്നറിയിപ്പ്‌ നല്‍കി.

കുറിപ്പില്‍നിന്ന്‌..

” അരുത്‌ കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്‌ക്കരുത്‌. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വര്‍ധിച്ചു വരികയാണ്‌.
മോട്ടോര്‍ വാഹന നിയമത്തിലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച്‌ അറിവുള്ളവര്‍ ഒരു കാരണവശാലും ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ കൂട്ടുനില്‍ക്കില്ല, അത്രയ്‌ക്കും കഠിനമായ ശിക്ഷകളുമാണ്‌ നിയമഭേദഗതിയില്‍ ഈ കുറ്റത്തിന്‌ വന്നിട്ടുള്ളത്‌.
മോട്ടോര്‍ വാഹന നിയമം 2019ല്‍ ഭേദഗതി വരുത്തിയപ്പോള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട്‌ കര്‍ക്കശമായ ശിക്ഷാവിധികളാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഇതിന്‍ പ്രകാരം 30,000 രൂപവരെയാണു പിഴ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക്‌ റദ്ദാക്കുകയും ഉടമസ്‌ഥന്റെ ലൈസന്‍സിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും. മാത്രമല്ല രക്ഷിതാക്കള്‍ മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. വാഹനമോടിക്കുന്നതിന്‌ ശിക്ഷിക്കപ്പെടുന്ന കുട്ടിക്ക്‌ 25 വയസ്സ്‌ പൂര്‍ത്തിയാല്‍ മാത്രമേ ലൈസന്‍സ്‌ അനുവദിക്കുകയുള്ളൂ. ജുവനയില്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരം ഉള്ള നടപടികള്‍ വേറെയും വന്നേക്കാം.
ഇത്തരം അപകടങ്ങളില്‍ മറ്റുള്ളവര്‍ കൊല്ലപ്പെട്ടാല്‍ 7 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. ഇന്‍ഷുറന്‍സ്‌ നഷ്‌ടപരിഹാരമായി അതി ഭീമമായ തുക അടക്കേണ്ടിയും വരും. സ്വന്തം കിടപ്പാടം പോലും ജപ്‌തി ചെയ്യപ്പെട്ടേക്കാം.
ക്ഷണികമായ സന്തോഷത്തിനും സൗകര്യത്തിനും സ്വന്തം കുട്ടി വാഹനം ഓടിക്കുമെന്നുള്ള അഭിമാനത്തിനും വേണ്ടി അറിഞ്ഞോ അറിയാതെയോ അനുവദിക്കുന്ന ഈ പ്രവര്‍ത്തി അവന്റെ ഭാവി തന്നെ നശിപ്പിക്കും..”

Facebook Comments Box

By admin

Related Post