Sat. May 18th, 2024

സുപ്രീംകോടതിയില്‍ പോര്‍മുഖം തുറക്കാന്‍ ഐസക്‌; നിയമോപദേശം തേടി

By admin Feb 20, 2024
Keralanewz.com

കൊച്ചി : മസാലബോണ്ട്‌ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) മുമ്ബാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നപക്ഷം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മുന്‍മന്ത്രി ഡോ.

തോമസ്‌ ഐസക്‌.
ഒരു തവണ ഇ.ഡിക്കു മുന്നില്‍ ഹാജരായിക്കൂടേയെന്നു കഴിഞ്ഞ 16 നു തോമസ്‌ ഐസക്കിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. അറസ്‌റ്റ്‌ ഉണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്താമെന്നും കോടതി പറഞ്ഞിരുന്നു. എന്നിട്ടും ഹാജരാകില്ലെന്നാണു ഐസക്കിന്റെ മറുപടി. ഈ സാഹചര്യത്തില്‍ ഇ.ഡി. മുമ്ബാകെ ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിടാനാണു സാധ്യത. അങ്ങനെ സാഹചര്യമുണ്ടായാല്‍, സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ ഡോ. ഐസക്‌ നിയമോപദേശം തേടി.
മസാല ബോണ്ട്‌ കേസില്‍ ഇ.ഡി. സമന്‍സിനെതിരായ ഐസക്കിന്റെയും കിഫ്‌ബിയുടേയും ഹര്‍ജികള്‍ അടുത്തമാസം ഏഴിനാണു വീണ്ടും പരിഗണിക്കുന്നത്‌. ഇ.ഡി. അയച്ച അഞ്ചു നോട്ടിസുകള്‍ തോമസ്‌ ഐസക്‌ അവഗണിച്ചിരുന്നു.
കിഫ്‌ബി വായ്‌പയെടുത്തതില്‍ തനിക്കു സ്വകാര്യ നേട്ടമുണ്ടെന്നു ഇ.ഡി. കണ്ടെത്താത്ത സാഹചര്യത്തില്‍ തന്നെ വിളിച്ചുവരുത്തുന്നതു കുറ്റാരോപിതനെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണെന്നാണു ഐസക്കിന്റെ വാദം. മന്ത്രിയെന്ന നിലയിലെടുത്ത തീരുമാനങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണം തനിക്കുണ്ട്‌. ഏതു കാരണത്താലാണു തനിക്കു സമന്‍സ്‌ തരുന്നതെന്ന കാര്യം ഇ.ഡി. വ്യക്‌തമാക്കിയിട്ടില്ല. 2021 ല്‍ മന്ത്രിസ്‌ഥാനം ഒഴിഞ്ഞു. അതിനുശേഷം കിഫ്‌ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയില്ല. അതുവരെയുള്ള കാര്യങ്ങള്‍ ഇ.ഡിക്കു സമര്‍പ്പിച്ചിട്ടുണ്ട്‌.
ഹൈക്കോടതി വിധി എതിരാകുന്ന പക്ഷം ഇ.ഡിയ്‌ക്കതിരേ സുപ്രീംകോടതിയില്‍ പുതിയ പോര്‍മുഖം തുറക്കാനാണു സംസ്‌ഥാന സര്‍ക്കാരിന്റെയും ഐസക്കിന്റെയും നീക്കം. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്ുന്നതായി ചൂയണ്ടിക്കാട്ടി ഒറിജിനല്‍ സ്യൂട്ട്‌ ഫയല്‍ ചെയ്യാനാണു സാധ്യത. കടമെടുപ്പു കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കേരള സര്‍ക്കാര്‍ സ്യൂട്ട്‌ കേസാണു നല്‍കിയിട്ടുള്ളത്‌. ഇ.ഡി. സമന്‍സ്‌ ചോദ്യം ചെയ്‌താണു കിഫ്‌ബി സി.ഇ..ഒ. അജോഷ്‌ കൃഷ്‌ണകുമാര്‍, തോമസ്‌ ഐസക്‌ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്‌. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇരുവരും നിലപാട്‌ വ്യക്‌തമാക്കുകയായിരുന്നു. ഇ.ഡി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ തയാറാണ്‌. എന്നാല്‍ സി.ഇ.ഒയ്‌ക്കു ഹാജരാക്കാന്‍ കഴിയില്ല, പകരം മാനേജര്‍മാര്‍ ഹാജരാക്കാന്‍ ഒരുക്കമാണെന്നും കിഫ്‌ബി കോടതിയെ അറിയിച്ചു.
അതേസമയം, ഇ.ഡി. നല്‍കിയ സമന്‍സില്‍ ഹാജരാകാമെന്നു കിഫ്‌ബി അറിയിച്ച സാഹചര്യത്തില്‍ തോമസ്‌ ഐസക്കിനയച്ച സമന്‍സിന്റെ കാര്യം അതിനുശേഷം തീരുമാനിക്കാമെന്നാണു ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ വ്യക്‌തമാക്കിയത്‌. ഹാജരാകണോ വേണ്ടയോ എന്നതു പൂര്‍ണമായും ഐസക്കിന്റെ തീരുമാനമാണ്‌. അതിന്റെ പേരില്‍ കോടതി ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായം ഇപ്പോള്‍ പറയുന്നില്ലെന്നും ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post