Sun. May 19th, 2024

Passport | ഇന്ത്യൻ പാസ്‌പോര്‍ട്ടില്‍ യുഎഇ വിലാസം ചേര്‍ക്കാം! ചെയ്യേണ്ടത് ഇങ്ങനെ

By admin Feb 21, 2024
Keralanewz.com

ദുബൈ: (KVARTHA) നിങ്ങള്‍ ദീർഘകാലമായി യുഎഇയില്‍ താമസിക്കുന്ന ഒരു പ്രവാസി ഇന്ത്യക്കാരനാണെങ്കില്‍ (NRI) നിങ്ങളുടെ പാസ്‌പോർട്ടില്‍ യുഎഇ വിലാസം നല്‍കാനാവും.ഈ സേവനം 2020 ലാണ് യുഎഇയില്‍ അവതരിപ്പിച്ചത്. കൂടാതെ ഇന്ത്യയില്‍ സാധുതയുള്ളതോ സ്ഥിരമായതോ ആയ വിലാസം ഇല്ലാത്ത വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അവർ താമസിക്കുന്ന രാജ്യത്തെ പ്രാദേശിക വിലാസം ചേർക്കാൻ സാധിക്കും. യുഎഇയില്‍ ഈ സേവനം എങ്ങനെ ഉപയോഗിക്കാമെന്നത് ഇതാ.

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കണം

2020-ല്‍ ഇന്ത്യൻ കോണ്‍സുലേറ്റിൻ്റെ അറിയിപ്പ് അനുസരിച്ച്‌, പാസ്‌പോർട്ടില്‍ യുഎഇ വിലാസം നല്‍കാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ടതുണ്ട്. നിലവിലെ പാസ്‌പോർട്ടുകളില്‍ വിലാസത്തില്‍ മാറ്റം വരുത്താനാകില്ലെന്നും അറിയിപ്പില്‍ പറയുന്നു.

വിലാസം മാറ്റാൻ അപേക്ഷ

നിങ്ങള്‍ക്ക് അപേക്ഷ പൂരിപ്പിക്കാൻ രണ്ട് വഴികളുണ്ട്. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ (CGI) ഔദ്യോഗിക ഔട്ട്‌സോഴ്‌സിംഗ് സേവന ദാതാവായ ബിഎല്‍എസ് (BLS) സേവന കേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ അപേക്ഷ നല്‍കാം. അല്ലെങ്കില്‍ portal5(dot)passportindia(dot)gov(dot)in വഴി ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം പ്രിൻ്റ് ഔട്ട് എടുത്ത് ബാക്കിയുള്ള പ്രക്രിയ പൂർത്തിയാക്കാൻ ബിഎല്‍എസ് സേവന കേന്ദ്രം സന്ദർശിക്കുക.

നിങ്ങള്‍ ബിഎല്‍എസ് സെൻ്ററില്‍ എത്തിക്കഴിഞ്ഞാല്‍, ഇതിനോടകം ഓണ്‍ലൈനായി ഫോണ്‍ പൂരിപ്പിച്ചിട്ടുണ്ടെങ്കില്‍ ഫോം സമർപ്പിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ പാസ്‌പോർട്ടില്‍ പ്രിൻ്റ് ചെയ്‌തിരിക്കുന്ന നിങ്ങളുടെ പ്രാദേശിക വിലാസം നല്‍കാൻ ആവശ്യപ്പെടും. ഇതില്‍ നിങ്ങളുടെ താമസസ്ഥലം, തെരുവിൻ്റെ പേര്, പ്രദേശം, വീടിൻ്റെ നമ്ബർ, മൊബൈല്‍ നമ്ബർ, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുന്നു. പൊലീസ് വെരിഫിക്കേഷന് ആവശ്യമായ ഇന്ത്യൻ വിലാസവും നല്‍കണം.

വിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍

നിങ്ങളുടെ വിലാസ വിശദാംശങ്ങള്‍ പൂരിപ്പിച്ച്‌ കഴിഞ്ഞാല്‍, യുഎഇയിലെ നിങ്ങളുടെ താമസം തെളിയിക്കാൻ ഇനിപ്പറയുന്ന രേഖകള്‍ നിങ്ങള്‍ നല്‍കണം:

1. യഥാർത്ഥ സാധുതയുള്ള പാസ്പോർട്ട്.
2. നിങ്ങള്‍ക്ക് വില്ലയോ അപ്പാർട്ട്മെൻ്റോ സ്വന്തമാണെങ്കില്‍ രജിസ്റ്റർ ചെയ്ത വാടക കരാർ അല്ലെങ്കില്‍ പട്ടയം നല്‍കാം.
3. എമിറേറ്റ്സ് ഐഡി.
4. എമിറേറ്റിലെ വൈദ്യുതി, ജല ബില്‍.

ഈ ഘട്ടത്തില്‍ നിങ്ങളുടെ നിലവിലെ പാസ്‌പോർട്ടും സമർപ്പിക്കേണ്ടതുണ്ട്. ശേഷം കൊറിയർ വഴി നിങ്ങളുടെ മുൻ പാസ്‌പോർട്ടും പുതുതായി നല്‍കിയ പാസ്‌പോർട്ടും നിങ്ങള്‍ക്ക് ലഭിക്കും. സേവനം പൂർത്തിയാക്കാൻ ഏകദേശം 10 മുതല്‍ 15 പ്രവൃത്തി ദിവസങ്ങള്‍ എടുക്കും. എന്നിരുന്നാലും, അപേക്ഷ അംഗീകരിക്കുന്നത് ഇന്ത്യൻ കോണ്‍സുലേറ്റ് ജനറലിൻ്റെ വിവേചനാധികാരമാണ്. പ്രക്രിയ പൂർത്തിയാകുമ്ബോള്‍ എസ് എം എസ് വഴി നിങ്ങളെ അറിയിക്കും.

Facebook Comments Box

By admin

Related Post