Mon. May 20th, 2024

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍; ഡിവൈഎസ്പിയുടെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യം

By admin Mar 18, 2024
Keralanewz.com

ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചു. ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയല്‍ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഉള്‍പ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.

നിയമപരമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയല്‍ ചെയ്യാൻ അധികാരമില്ലെന്നുള്‍പ്പെടെയുള്ള സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മയും സംഘവും സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസില്‍ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നും ഹർജിയില്‍ പറയുന്നു. നേരത്തെ ഇതേ ആവശ്യവുമായി ഗ്രീഷ്മയും സംഘവും ഹൈക്കോടതിയെ സമീപിക്കുകയും ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഗ്രീഷ്മ ,ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധു, ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയായ നിർമല കുമാരൻ നായർ എന്നിവരാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

പാറശ്ശാല സ്വദേശിയായ ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം ചേർത്ത് നല്‍കിയ കേസിലെ പ്രതിയായ ഗ്രീഷ്മയ്‌ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ആണ് ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിച്ചത്. സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ല എന്നും പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും വ്യക്തമാക്കി കൊണ്ടാണ് ഗ്രീഷ്മയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചത്.

പ്രതി ആസൂത്രണം ചെയ്ത ക്രൂരമായി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഈ കേസില്‍ തെളിവു നശിപ്പിക്കാനും ആത്മഹത്യ എന്ന് വരുത്തി തീർക്കാനും ശ്രമം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർക്കുകയും ചെയ്തിരുന്നു. എന്നാല്‍ 22 വയസ്സ് മാത്രമാണ് പ്രതിക്ക് പ്രായം എന്നും ഒളിവില്‍ പോകുമെന്നോ വിചാരണയില്‍ ഇടപെടും എന്നോ ഉള്ള ആശങ്കയ്‌ക്ക് ഇടയില്ലെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും 2022 ഒക്ടോബർ 31 മുതല്‍ കസ്റ്റഡിയില്‍ ആണെന്നതും വിലയിരുത്തി കോടതി ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

2022 ഒക്ടോബർ 14ന് രാവിലെയാണ് പ്രണയബന്ധത്തില്‍ നിന്നും പിന്മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാമുകനായ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനിക്കലർത്തി ഗ്രീഷ്മ കൊലപ്പെടുത്തിയത്.

കഷായം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ആയ ഷാരോണ്‍ 2022 ഒക്ടോബർ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്. കേസില്‍ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Facebook Comments Box

By admin

Related Post