Thu. May 9th, 2024

മുഹമ്മദ് ഫാസില്‍ വധക്കേസ് : പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ കര്‍ണാടക ഹൈകോടതി

By admin Mar 18, 2024
Keralanewz.com

മംഗളൂരു : ദക്ഷിണ കന്നട ജില്ലയില്‍ സൂറത്ത്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ മംഗളപേട്ടയില്‍ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന കേസിലെ മൂന്ന് മുഖ്യ പ്രതികള്‍ക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.

കൊലപാതകത്തിന്റെ സൂത്രധാരൻ ബണ്ട്വാള്‍ താലൂക്കില്‍ കവലമധൂരു ഗ്രാമത്തിലെ സുഹൈല്‍ ഷെട്ടി എന്ന സുഹാസ് (29), മംഗളൂരു കാട്ടിപ്പള്ള മൂന്നാം ബ്ലോക്കിലെ അഭിഷേക് യനെ (23), കുളയിലെ മോഹൻ സിങ് യനെ (26) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ലക്ഷം രൂപ വീതമുള്ള ബോണ്ട് മംഗളൂരു കോടതിയില്‍ കെട്ടിവെക്കണം.

എല്ലാ ഞായറാഴ്ചകളിലും സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. മംഗളൂരു നഗരം വിട്ട് പുറത്തുപോവരുത്. അക്രമപ്രവർത്തനങ്ങളില്‍ ഏർപ്പെടരുത് -ഇതൊക്കെയാണ് ജാമ്യവ്യവസ്ഥകള്‍.

2022 ജൂലൈ 26ന് യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെ 28നാണ് മംഗളൂരു സൂറത്ത്കലില്‍ വസ്ത്രസ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ (23) അക്രമികള്‍ വെട്ടിക്കൊന്ന് കാറില്‍ രക്ഷപ്പെട്ടത്.

ബന്ധുവീട്ടില്‍ താമസിച്ച്‌ ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി ബി. മസൂദ് (19), പ്രവീണ്‍ നെട്ടാരു(32), മുഹമ്മദ് ഫാസില്‍ (23) എന്നിവർ ദിവസങ്ങളുടെ ഇടവേളകളില്‍ കൊല്ലപ്പെട്ടത് ദക്ഷിണ കന്നട ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു

Facebook Comments Box

By admin

Related Post