കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനായി തെരച്ചില്‍; കുമളിയില്‍ തെരച്ചില്‍ നടത്തുന്നത് 65 പേരടങ്ങുന്ന സംഘം
ഇടുക്കി: കുമളിക്ക് സമീപം സ്പിങ് വാലിയില്‍ കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്താൻ തെരച്ചില്‍. മയക്കുവെടിവെച്ച് പിടികൂടുകയോ വനത്തിനുള്ളിലേക്ക് തുരത്തുകയോ ചെയ്യാനാണ് നീക്കം.
ഡ്രോണ്‍ ഉപയോഗിച്ച് ആദ്യ ഘട്ടത്തില്‍ നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ കാട്ടുപോത്ത് ഏത് ഭാഗത്താണുള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിന്‍റെ 65 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്.
അതേസമയം പാലക്കാട് കുഴല്‍മന്ദത്ത് വയോധികയുടെ കാല്‍ കാട്ടുപന്നി കടിച്ചു മുറിച്ച പശ്ചാത്തലത്തില്‍ രണ്ട് പന്നികളെ വെടിവെച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ചത്. ഇന്നലെയാണ് 61കാരിയായ കുഴല്‍മന്ദം സ്വദേശിനിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും കാല്‍ കടിച്ചുമുറിക്കുകയും ചെയ്തത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഇന്നലെ ഉച്ച മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ പന്നിക്കായുള്ള തെരച്ചിലിലായിരുന്നു.
രണ്ട് പന്നികളെയാണ് വനം വകുപ്പ് വെടിവെച്ചിട്ടത്. ഈ പ്രദേശത്ത് കൂടുതല്‍ പന്നികളുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിലും കൂടുതല്‍ പന്നികളെ വെടിവെച്ചിടാനാണ് തീരുമാനം. കാട്ടുപന്നി ആക്രമിച്ച വയോധികയും ആരോഗ്യ നില ഗുരുതരമാണ്. മുട്ടിനും കണങ്കാലിനുമിടയിലെ മാംസം കടിച്ചെടുത്ത നിലയിലാണ്. കാല്‍ മുറിച്ചുമാറ്റേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.