Tue. May 7th, 2024

മുസ്ലീം ലീഗിന്റെ വിചാരധാരയും ഇടതുപക്ഷത്തിന്റെ നിലപാടുകളും; കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ മോദി

By admin Apr 6, 2024
Keralanewz.com

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലാകെ നിറഞ്ഞുനില്‍ക്കുന്നത് മുസ്ലീം ലീഗിന്റെ വിചാരധാരയാണെന്നും അവശേഷിക്കുന്ന ഭാഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

രാഷ്ട്ര നിർമ്മാണത്തിനായുള്ള ഒരു നിർദ്ദേശവും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഈ പ്രകടനപത്രികയുമായി പോയാല്‍ കോണ്‍ഗ്രസിന് ഒരു മുന്നേറ്റവുമുണ്ടാകാൻ പോകുന്നില്ലെന്നും മോദി പരിഹസിച്ചു. ഉത്തർപ്രദേശിലെ സഹരണ്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ വിമർശനങ്ങള്‍.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ രാഷ്ട്ര നിർമ്മാണത്തിനുള്ള ദൗത്യത്തിലേർപ്പെടുമ്ബോള്‍ അധികാരത്തിലെത്തിയ ശേഷം കമ്മീഷൻ സമ്ബാദിക്കുക എന്നതാണ് പ്രതിപക്ഷ ഇന്ത്യാ സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി 370-ലധികം സീറ്റുകള്‍ നേടുന്നത് തടയാനാണ് പ്രതിപക്ഷ സഖ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോരാടുന്നത്.
“ഭരണകാലത്ത് കോണ്‍ഗ്രസിന്റെ ശ്രദ്ധ കമ്മീഷൻ സമ്ബാദിക്കുന്നതിലായിരുന്നു. ഇന്ത്യാ സഖ്യവും അധികാരത്തില്‍ വന്നതിന് ശേഷം കമ്മീഷൻ സമ്ബാദിക്കുകയാണ് ലക്ഷ്യമിടുന്നത്, എന്നാല്‍ എൻഡിഎയും മോദി സർക്കാരും രാജ്യത്തിനായുള്ള ഒരു ദൗത്യത്തിലാണ്, ”മോദി പറഞ്ഞു.

യൂപിയിലെ പ്രധാന എതിരാളികളായ സമാജ്വാദി പാർട്ടിയേയും തിരഞ്ഞെടുപ്പ് റാലിയില്‍ മോദി വിമർശിച്ചു. സമാജ്വാദി പാർട്ടി ഓരോ മണിക്കൂറിലും സ്ഥാനാർത്ഥികളെ മാറ്റുകയാണ്, അതേസമയം കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കഴിയുന്നില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമെന്ന് കരുതുന്ന സീറ്റുകളില്‍ പോലും സ്ഥാനാർത്ഥികളെ നിർത്താൻ കോണ്‍ഗ്രസിന് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ സംഘം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റേയും പര്യായമായി മാറിയെന്നും രാജ്യത്തെ ജനങ്ങള്‍ അത് ഗൗരവമായി കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ശക്തി’ക്കെതിരെ പോരാടുന്നതിനെക്കുറിച്ച്‌ പ്രതിപക്ഷ സഖ്യം സംസാരിക്കുന്നത് രാജ്യത്തിന്റെ ദൗർഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ശക്തിയെ ആരാധിക്കുന്നത് നമ്മുടെ സ്വാഭാവിക ആത്മീയ യാത്രയുടെ ഭാഗമാണ്. എന്നാല്‍, തങ്ങളുടെ പോരാട്ടം ശക്തിക്കെതിരെയാണെന്നാണ് ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ പറയുന്നത്-മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ അനുസരിച്ച്‌, ഏപ്രില്‍ 19 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് ഉത്തർപ്രദേശിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുക. സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്നോർ, നാഗിന (എസ്സി), മൊറാദാബാദ്, രാംപൂർ, പിലിഭിത് എന്നിവയാണ് അവ.

Facebook Comments Box

By admin

Related Post