Thu. May 16th, 2024

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതല്‍; വിതരണം രണ്ട് മാസത്തെ തുക

By admin Apr 8, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ചൊവ്വാഴ്ച മുതല്‍. രണ്ട് ഗഡുക്കളായാണ് പെൻഷൻ വിതരണം ചെയ്യുക. 3200 രൂപ വീതമാണ് ലഭിക്കുന്നത്.റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക്മുന്നോടിയായാണ് പെൻഷൻ വിതരണം.ആറുമാസത്തെ ക്ഷേമ പെൻഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്.

രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക ഇനിയും അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം.നേരത്തെ നിരവധി പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അതിലേറ്റവും അവസാനത്തേത്.ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നല്‍കാനും മറ്റുള്ളവർക്ക് പി എഫില്‍ ലയിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ക്ഷേമ പെൻഷൻ വൈകുന്നത് സംബന്ധിച്ച്‌ ഒട്ടേറെ വിമർശനങ്ങള്‍ സർക്കാരിനെതിരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയും എല്‍ ഡി എഫ് സർക്കാരിനുണ്ടായിരുന്നു. ഇത് എല്‍ ഡി എഫ് യോഗങ്ങളില്‍ ഉള്‍പ്പെടെ പലരും പങ്കുവച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാരിന്റെ സമീപനമാണ് ക്ഷേമപെൻഷൻ വൈകാൻ കാരണമെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.

Facebook Comments Box

By admin

Related Post