Sun. May 19th, 2024

ഗണേഷ് കുമാറിന്റെ പരിഷ്‌കരണത്തില്‍ പണികിട്ടുക ലൈസന്‍സ് എടുക്കാനുള്ളവര്‍ക്ക് മാത്രമല്ല; പ്രതിസന്ധി ഇക്കൂട്ടര്‍ക്കും ബാധകം

By admin Apr 11, 2024
Keralanewz.com

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി.

പരിഷ്‌കാരങ്ങളുടെ ഭാഗമായി മേയ് മാസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്തിരുന്ന സ്‌ളോട്ടുകള്‍ മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞദിവസം റദ്ദാക്കിയതും പുതിയ ബുക്കിംഗുകള്‍ക്ക് ഒരുമാസത്തിലധികം കാലതാമസമുണ്ടാകുന്നതുമാണ് പരീക്ഷാര്‍ത്ഥികള്‍ക്കൊപ്പം ഡ്രൈവിംഗ് പരിശീലകരെയും വലയ്ക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പോകേണ്ടവരുള്‍പ്പെടെ മദ്ധ്യവേനലവധിക്കാലത്താണ് ഡ്രൈവിംഗ് പരിശീലനം നടത്തുന്നത്. ഈ ലക്ഷ്യത്തോടെ മാസങ്ങള്‍ക്ക് മുമ്ബേ സ്‌ളോട്ട് ബുക്ക് ചെയ്ത 70 ഓളം പേരുടെ ബുക്കിംഗാണ് കഴിഞ്ഞദിവസം മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. മേയ് 1 മുതല്‍ ദിവസം 30 പേര്‍ക്ക് മാത്രം ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വന്നതോടെ മദ്ധ്യവേനലില്‍ ഡ്രൈവിംഗ് പരിശീലനത്തിനെത്തുന്നവരില്‍ പലരും ലേണേഴ്‌സിന് പോലും അപേക്ഷിക്കാതെ മടങ്ങിപ്പോകുന്ന സ്ഥിതിയാണുള്ളത്.

50പേരെത്തിയിരുന്നിടത്ത് ആരുമില്ല

1.ഓരോ ഡ്രൈവിംഗ് സ്‌കൂളിലും കുറഞ്ഞത് അമ്ബത് പേര്‍ ഡ്രൈവിംഗ് പരിശീലനത്തിനെത്തിയിരുന്ന മദ്ധ്യവേനല്‍ക്കാലത്ത് ഈ സീസണില്‍ മിക്ക സ്‌കൂളുകളിലും ഒരാള്‍പോലും പരിശീലനത്തിന് ചേര്‍ന്നിട്ടില്ല

2.പരിശീലനത്തിന് മുന്നോടിയായി ലേണേഴ്‌സ് എടുക്കാന്‍ ശ്രമിക്കുമ്ബോള്‍ 45 ദിവസത്തിന് ശേഷമുള്ള സ്‌ളോട്ടുകളാണ് ബുക്കിംഗിന് ലഭിക്കുന്നത്. ഇതോടെ പഠിതാക്കള്‍ മടങ്ങും

3.മദ്ധ്യവേനല്‍ സീസണില്‍ പഠിതാക്കളില്ലാതെ വാഹനങ്ങള്‍ അകത്തു കയറ്റിയിടുകയും സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ചെയ്യേണ്ട സ്ഥിതിയാണെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും പരിശീലകരും

നക്ഷത്രമെണ്ണി ഡ്രൈവിംഗ് സ്‌കൂളുകാര്‍

ഒരുലക്ഷം രൂപ വിലയുളള വാഹനം പോലും സ്വന്തമായി വാങ്ങാന്‍ നിവൃത്തിയില്ലാത്തവരാണ് ഡ്രൈവിംഗ് സ്‌കൂളുകാരില്‍ ഭൂരിഭാഗവും. രണ്ടരയേക്കറോളം സ്ഥലവും പതിനഞ്ച് വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങളും വാഹനങ്ങളില്‍ ജി.പി.എസും സി.സി ടിവി കാമറയുമുണ്ടെങ്കിലേ ഡ്രൈവിംഗ് പരിശീലനം നടത്താനാകൂവെന്നാണ് പുതിയ നിബന്ധന. മിക്ക ഡ്രൈവിംഗ് സ്‌കൂളുകാരുടെയും വാഹനങ്ങള്‍ പതിനഞ്ച് വര്‍ഷം പഴക്കമുള്ളതാണ്. ഡാഷ് ബോഡില്‍ കാമറയും ജി.പി.എസും സ്ഥാപിക്കാന്‍ കുറഞ്ഞത് അരലക്ഷം രൂപ വേണം.

ജില്ലയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ : 400

ഉടമകളും പരിശീലകരും : 3000

പുതിയ പരിഷ്‌കാരം ഒരു തൊഴില്‍ മേഖലയെകൂടിപ്രതിസന്ധിയിലേക്ക് തളളിവിട്ടിരിക്കുകയാണ്. ഒരു ദിവസം പേര്‍ക്ക് ടെസ്റ്റ് നടത്താന്‍ അവസരമുണ്ടായാലേ പ്രശ്‌നം പരഹരിക്കാനാകൂ. ജനവിരുദ്ധമായ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

– സജീവ് റോയല്‍. ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി, മാവേലിക്കര താലൂക്ക് പ്രസിഡന്റ്

Facebook Comments Box

By admin

Related Post