Mon. May 6th, 2024

ഭാവിയില്‍ വാഹനം വില്‍ക്കാൻ പോലും സാധിക്കാത്ത കെണിയാണ് ഇതില്‍ ഒളിച്ചിരിക്കുന്നത്, എംവിഡിയുടെ മുന്നറിയിപ്പ്

By admin Apr 11, 2024
Keralanewz.com

കൊല്ലം: ട്രാഫിക് നിയമലംഘനം നടത്തിയവർ, പിഴത്തുക പൂജ്യം എന്ന് രേഖപ്പെടുത്തിയ ചെലാൻ ലഭിച്ചാല്‍ സന്തോഷിക്കേണ്ട!.

ഭാവിയില്‍ വാഹനം വില്‍ക്കാൻ പോലും സാധിക്കാത്ത കെണിയാണ് ഇതിലൊളിച്ചിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

തന്നെയുമല്ല, ഭാരിച്ച പിഴത്തുക പിന്നീട് അടയ്ക്കേണ്ടിയും വരും. ഇല്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങും. പിഴ നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കാത്ത ചെലാനുകളിലാണ് പിഴത്തുക പൂജ്യം എന്ന് അടയാളപ്പെടുത്തുന്നത്.

ഇവ കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ തീർപ്പാക്കാനാവൂ. എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങളും ചെറിയ പിഴത്തുകയടച്ച്‌ തീർക്കാൻ സാധിക്കില്ല. ഗുരുതര കുറ്റങ്ങള്‍ക്ക് കടുത്തശിക്ഷ ഉണ്ടാകും.

കോടതികളില്‍ വിശദമായ കുറ്റവിചാരണ നടത്തിയശേഷം ഒരു ജഡ്ജിക്ക് മാത്രമേ ശിക്ഷ നിശ്ചയിക്കാനാവൂ. അതിനാലാണ് ചില ചെലാനുകളിലും ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങളിലും പിഴത്തുക പൂജ്യം എന്ന് രേഖപ്പെടുത്തുന്നത്. ഇതിനർത്ഥം പിഴ അടയ്‌ക്കേണ്ടതില്ല എന്നല്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

പിഴത്തുകയില്ലാത്ത ഇ-ചെല്ലാനുകള്‍ ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രസ്തുത ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെടുകയോ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ വേണം. പിഴയിനത്തില്‍ സർക്കാരിന് ലഭിക്കാനുള്ളത് കോടികളാണ്.

ശിക്ഷ കോടതി തീരുമാനിക്കും
1. ട്രാഫിക്ക് സിഗ്‌നലുകളിലെ സീബ്ര ലൈനുകളില്‍ വാഹനം നിറുത്തുക

2. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുക

3. ലെയ്ൻ ട്രാഫിക്ക് പാലിക്കാതിരിക്കുക

4. സിഗ്‌നലുകളിലെയും റൗണ്ട് എബൗട്ടുകളിലും നിർദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക

5. അപകടകരമായ ഓവർടേക്കിംഗ്

6. ഗതാഗതം നിരോധിച്ച സ്ഥലങ്ങളില്‍ വാഹനമോടിക്കല്‍

7. സുഗമമായ ഗതാഗതത്തെ തടസപ്പടുത്തുന്ന രീതിയില്‍ വാഹനമോടിക്കല്‍

കെണി വേറെയും

ചെലാൻ വഴി പിഴത്തുക ലഭിച്ചവർ അടച്ചില്ലെങ്കില്‍ പുക പരിശോധന സർട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു.

പിഴത്തുക രേഖപ്പെടുത്താത്ത ചെലാനുകള്‍ തീർപ്പാക്കുന്നത് അത്ര എളുപ്പമല്ല. കോടതി നടപടികളിലേയ്ക്ക് പോകാതെ ഗതാഗത നിയമങ്ങള്‍ പാലിക്കുകയാണ് പോംവഴി.

മോട്ടോർ വാഹനവകുപ്പ് അധികൃതർ

Facebook Comments Box

By admin

Related Post