Tue. May 7th, 2024

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യും : രാഹുല്‍ ഗാന്ധി

By admin Apr 12, 2024
Keralanewz.com

ജയ്പുര്‍: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി.

ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

‘ന്യായ് പത്ര്’ എന്ന കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച്‌ രാജസ്ഥാനിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കില്‍ വര്‍ഷം ഒരു ലക്ഷം രൂപ (മാസം 8500) നല്‍കി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

കര്‍ഷകര്‍ ആവശ്യപ്പെടുന്ന മിനിമം താങ്ങുവില, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ ഉയര്‍ത്തികാട്ടി സംസാരിച്ച രാഹുല്‍ ഗാന്ധി, ബിജെപിയെ കടന്നാക്രമിച്ചു. കര്‍ഷകര്‍ മിനിമം താങ്ങുവിലയും യുവാക്കള്‍ തൊഴിലും ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് വേണ്ടത് വിലക്കയറ്റത്തില്‍ നിന്നുള്ള മോചനമാണ്.

എന്നാല്‍, കര്‍ഷകരെ ഭീകരര്‍ എന്നുവിളിച്ച മോദി മിനിമം താങ്ങുവില നല്‍കാന്‍ തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകര്‍ക്ക് നികുതി നല്‍കേണ്ടിവന്നത്. കര്‍ഷകരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചര്‍ച്ചചെയ്യാന്‍ താല്‍പര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിക്കുകയാണെന്നും മോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അഴിമതി വലിയ തോതില്‍ വര്‍ധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Facebook Comments Box

By admin

Related Post