Sat. May 4th, 2024

കൂത്താട്ടുകുളത്തെ പ്രകമ്പനം കൊള്ളിച്ച് തോമസ് ചാഴികാടന്റെ റോഡ് ഷോ .പിറവം നിയോജകമണ്ഡലത്തിൽ ആവേശോജ്ജ്വമായ സ്വീകരണം.അവസാന ലാപ്പിലെ പ്രചാരണത്തിന് ആവേശമായി റോഡ് ഷോ .

Keralanewz.com

കോട്ടയം: ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പടുകൂറ്റന്‍ റോഡ് ഷോയ്ക്കാണ് ഞായറാഴ്ച്ച കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്.

വൈകുന്നേരം മൂന്നരയോടെ രാമപുരം കവലയില്‍ നിന്നാണ് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലും മറ്റുവാഹനങ്ങളിലുമായി പ്രവര്‍ത്തകരോടൊപ്പം സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ ആരംഭിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് രണ്ട് മണി മുതലേ നിരവധി പ്രവര്‍ത്തകര്‍ രാമപുരം കവലയില്‍ കാത്തുനിന്നു. ചിട്ടയായ സംഘാടനം കൊണ്ട് ശ്രദ്ധേയമായ റോഡ് ഷോ കടന്നുപോയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്കും പുതിയൊരനുഭവമായി.കൂത്താട്ടുകുളത്ത് നിന്നാരംഭിച്ച് തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലൂടെ പിറവം നഗരസഭയിലെ പര്യടനം പൂര്‍ത്തിയാക്കി തിരുവാങ്കുളം പഞ്ചായത്തിലെ തിരുവാങ്കുളം ജംഗ്ഷനിലാണ് റോഡ്ഷോ സമാപിച്ചത്.

റോഡിനിരുവശവുമായി പ്രവർത്തകരും നാട്ടുകാരും സ്ഥാനാർത്ഥിയെ കാത്ത് നിന്നിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തായിരുന്നു സ്ഥാനാർത്ഥിയുടെ യാത്ര.

ഇന്നലെ ( ഞായർ ) പിറവം നിയോജക മണ്ഡലത്തിലെ മണീട്, രാമമംഗലം പഞ്ചായത്തുകളിലും തിരുവാങ്കുളം, ഇരുമ്പനം പ്രദേശങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. ചെണ്ടമേളങ്ങളും തെയ്യക്കോലങ്ങളും ഒരുക്കി പൂക്കളും കാർഷിക വിഭവങ്ങളുമായാണ് നാട്ടുകാർ സ്ഥാനാർത്ഥി യെ
കാത്തു നിന്നത്. വെട്ടിത്തറയിൽ കുരുത്തോലത്തണ്ട് കോളനിയിയിൽ കുടിവെള്ളമെത്തിച്ച ചാഴികാടനെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം പഴങ്ങളും പൂക്കളും നൽകിയാണ് സ്വീകരിച്ചത്. പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെയാണ് ഷട്കാല ഗോവിന്ദ മാരാരുടെ ജന്മനാടായ
രാമമംഗലത്തേക്ക് തോമസ് ചാഴികടനെ വരവേറ്റത്. കടവ് കവലയിൽ നിന്നും
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കിഴുമുറി പള്ളിത്താഴത്തേക്ക് സ്വീകരിച്ചു.
മുടങ്ങിക്കിടന്ന കിഴുമുറിക്കടവ് പാലം പൂർത്തിയാകുന്നതിൻ്റെ ആഹ്ലാദം കാത്തു നിന്ന ജനക്കൂട്ടത്തിൻ്റെ മുദ്രാവാക്യങ്ങളിൽ
നിന്നും വ്യക്തമായി. പച്ചക്കറി കർഷക മേഖലയായ
കവുങ്കടയിലും, കൈലോലിയിലും, അന്ത്യാലുങ്കൽപ്പടിയിലുമെല്ലാം കനത്ത വെയിലിനെ വകവയ്ക്കാതെ വിഭവങ്ങളുമായാണ് കാർഷകരും തൊഴിലാളികളും കാത്തു നിന്നത്. ഇന്ന് കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളിലാണ് റോഡ്ഷോ.

Facebook Comments Box

By admin

Related Post