Thu. May 2nd, 2024

കോടികൾ വിലമതിക്കുന്ന സ്വത്ത് സർക്കാർ ആശുപത്രിക്ക് ദാനം നൽകിയ മുത്തശ്ശി അന്തരിച്ചു

By admin Sep 2, 2021 #news
Keralanewz.com

തിരുവനന്തപുരം : കോടികൾ വിലമതിക്കുന്ന സ്വത്ത് സർക്കാർ ആശുപത്രിക്ക് ദാനം നൽകിയ മുത്തശ്ശി അന്തരിച്ചു. വിളപ്പിൽശാല അമ്പലത്തും വിള സ്വദേശിനി ജെ. സരസ്വതി ഭായി (96) ആണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

1957 ലാണ് തനിക്ക് കുടുംബ ഓഹരിയായി കിട്ടിയ ഒന്നേകാൽ ഏക്കറിൽ നിന്ന് ഒരേക്കർ ഭൂമി വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സരസ്വതി ഭായി സൗജന്യമായി നൽകിയത് . അവശേഷിച്ച ഭൂമി പാവങ്ങൾക്ക് ദാനമായും നൽകി. ഇത്തരത്തിൽ സരസ്വതി ഭായി ദാനമായി നൽകിയ ഭൂമിക്ക് ഇന്ന് പത്ത് കോടിയിലേറെ മതിപ്പ് വിലയുണ്ട് .

ഭൂമി വിട്ടു നൽകിയ സരസ്വതി ഭായിയെ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള വീട്ടിലെത്തി അനുമോദിച്ചിരുന്നു. 1961 ലാണ് വിളപ്പിൽ ശാല സർക്കാർ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. 2013 ൽ ആശുപത്രിയെ സാമൂഹിക കേന്ദ്രമാക്കി ഉയർത്തി .

എന്നാൽ പുതിയ മന്ദിരത്തിന് സരസ്വതി ഭായിയുടെ പേര് നൽകണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതർ അംഗീകരിച്ചില്ല. എന്നാൽ പൊതുജനങ്ങൾ ശക്തമായ പ്രക്ഷോഭം ആരംഭിച്ചതോടെ ആശുപത്രി ഹാളിന് മാത്രമായി അധികൃതർ സരസ്വതി ഭായിയുടെ പേര് നൽകുകയും ഛായാചിത്രം സ്ഥാപിക്കുകയുമായിരുന്നു. ഈ ഹാളിലാണ്​ മൃതദേഹം പൊതുദർശനത്തിന് വച്ചത്​. കൃഷ്​ണ പിള്ളയാണ്​ ​സരസ്വതി ഭായിയുടെ ഭർത്താവ്

Facebook Comments Box

By admin

Related Post