Sun. May 19th, 2024

ജീവപര്യന്തം തടവിനു കാലാവധി നിശ്‌ചയിച്ച്‌ ശിക്ഷ വിധിക്കാന്‍ സെഷന്‍സ്‌ കോടതികള്‍ക്ക്‌ അധികാരമില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌

By admin Dec 10, 2021 #news
Keralanewz.com

കൊച്ചി: ജീവപര്യന്തം തടവിനു കാലാവധി നിശ്‌ചയിച്ച്‌ ശിക്ഷ വിധിക്കാന്‍ സെഷന്‍സ്‌ കോടതികള്‍ക്ക്‌ അധികാരമില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌. കൊലപാതക കേസിലെ പ്രതിക്ക്‌ 20 വര്‍ഷത്തേക്കു ജയില്‍ മോചനം അനുവദിക്കരുതെന്ന പ്രത്യേകനിര്‍ദേശത്തോടെയുള്ള സെഷന്‍സ്‌ കോടതി വിധിയാണു ഹൈക്കോടതിയുടെ വിമര്‍ശനത്തിനു വിധേയമായത്‌. സ്വാമി ശ്രദ്ധാനന്ദ കേസിലെ വിധിക്കു സമാനമായ ഇത്തരം വിധികള്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്കും സുപ്രീംകോടതികള്‍ക്കും മാത്രമാണ്‌ അധികാരമെന്നു ജസ്‌റ്റിസുമാരായ വിനോദ്‌ ചന്ദ്രനും സി. ജയചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച്‌ വ്യക്‌തമാക്കി.
ശ്രദ്ധാനന്ദ കേസില്‍ പറയുന്നതുപോലുള്ള മുന്തിയ ശിക്ഷാവിധി പ്രസ്‌താവിക്കാന്‍ സെഷന്‍സ്‌ കോടതികള്‍ക്ക്‌ അധികാരമില്ല. തൃശൂര്‍ തുമ്പൂര്‍ കൊച്ചുപോള്‍ വധക്കേസില്‍ 20 വര്‍ഷം മോചനം പാടില്ലെന്ന വ്യവസ്‌ഥയോടെ പ്രതിക്ക്‌ 40 വര്‍ഷം കഠിനതടവ്‌ വിധിച്ച തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ വിധി ഭാഗികമായി ഹൈക്കോടതി റദ്ദാക്കി. കേസിലെ പ്രതിയും കൊച്ചുപോളിന്റെ (78) സഹോദരീപുത്രനുമായ കല്ലൂര്‍ മാവിന്‍ചുവട്‌ വടക്കുംചേരി വീട്ടില്‍ തോമസി(ടോണി)നു സെഷന്‍സ്‌ കോടതി വിധിച്ച ശിക്ഷ ഡിവിഷന്‍ ബെഞ്ച്‌ ജീവപര്യന്തമായി കുറച്ചു.
തനിച്ച്‌ താമസിച്ചിരുന്ന കൊച്ചുപോളിനെ 2011 നവംബര്‍ 16-നു വെട്ടേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചുപോളിനെ കൊലപ്പെടുത്തി 45 ഗ്രാം സ്വര്‍ണം കവര്‍ന്നെന്നാണു കേസ്‌. ടോണിക്കൊപ്പം അറസ്‌റ്റിലായ ജോസഫ്‌ പിന്നീടു മാപ്പുസാക്ഷിയായി.
ടോണി മറ്റൊരു കൊലക്കേസില്‍ പ്രതിയായിരുന്നതും പരിഗണിച്ചാണു രണ്ടുലക്ഷം രൂപ പിഴയടക്കം 40 വര്‍ഷത്തെ തടവ്‌ അനുഭവിക്കണമെന്നും 20 വര്‍ഷം മോചനം പാടില്ലെന്നും സെഷന്‍സ്‌ കോടതി വിധിച്ചത്‌. ഇതിനെതിരായ അപ്പീലാണു ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌

Facebook Comments Box

By admin

Related Post