Sat. May 18th, 2024

ഏഴ് മണിക്കൂർ നീണ്ട പരിശോധന, ദിലീപിന്റെ ഫോണും ഹാർഡ് ഡിസ്ക്കുകളും പിടിച്ചെടുത്തു

By admin Jan 13, 2022 #news
Keralanewz.com

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ഹാർഡ് ഡിസ്കകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ദിലീപിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടന്നത്. ഇതിൽ ദിലീപിന്‍റെ വീട്ടിലെ റെയ്ഡ് മാത്രമാണ് പൂർത്തിയായത്.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു. എന്നാൽ തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിച്ച വിവരം. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തി

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
രാവിലെ 11.30-യോടെയാണ് ദിലീപിന്‍റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ‘പത്മസരോവര’ത്തിന്‍റെ ഗേറ്റ് തുറന്നുകൊടുക്കാൻ വീട്ടിനകത്തുള്ള ആളുകൾ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്‍റെ സഹോദരി വന്ന് ദിലീപിന്‍റെ വീട് തുറന്നുകൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി

Facebook Comments Box

By admin

Related Post