Fri. May 3rd, 2024

റഷ്യ ആണവായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കും?

By admin Mar 1, 2022 #ukraine russia war
Keralanewz.com

”പുടിന്‍ ഒരിക്കലും ക്രീമിയ പിടിച്ചടക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അതു സംഭവിച്ചു. പിന്നീട് ഡൊണ്‍ബാസ് ആക്രമിക്കില്ലെന്ന് ഉറപ്പിച്ചു

അതും സംഭവിച്ചു. ഒടുവില്‍ യുക്രൈനില്‍ ഒരു സമ്ബൂര്‍ണ സൈനിക നടപടിക്ക് റഷ്യ പോകില്ലെന്ന് ഉറപ്പിച്ചതും തെറ്റി. അതുകൊണ്ടൊക്കെത്തന്നെ പുടിന്‍ ആണവായുധ ബട്ടന്‍ അമര്‍ത്തില്ലെന്നും എനിക്ക് ഇപ്പോള്‍ ഉറപ്പിക്കാനാകില്ല…”

മുതിര്‍ന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും ബി.ബി.സിയുടെ മോസ്‌കോ ലേഖകനുമായ സ്റ്റീവ് റോസന്‍ബര്‍ഗ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ ആണവായുധ മുന്നൊരുക്കത്തിനുള്ള ആഹ്വാനത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. യുക്രൈനില്‍ തലസ്ഥാനമായ കിയവും പിടിച്ചടക്കാനുള്ള അവസാന പോരാട്ടം ശക്തമാക്കുന്നതിനിടെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക അടക്കമുള്ള ലോകശക്തികളും കടുത്ത ഉപരോധവുമായി റഷ്യയോട് തിരിച്ചടിക്കുകയാണ്. ഈ ഘട്ടത്തിലാണ് പുടിന്റെ അവസാനത്തെ മുന്നറിയിപ്പ്. സേനാതലവന്മാര്‍ക്കാണ് കഴിഞ്ഞ ദിവസം പുടിന്‍ ആണവായുധം സജ്ജമാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

2018ല്‍ ഒരു ഡോക്യുമെന്ററിക്കു വേണ്ടി പുടിന്‍ നല്‍കിയ അഭിമുഖവും ഓര്‍മിപ്പിക്കുന്നുണ്ട് സ്റ്റീവ് റോസന്‍ബര്‍ഗ്. ആരെങ്കിലും റഷ്യയെ നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രതികരിക്കാനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കുണ്ട്. അത് മനുഷ്യകുലത്തിനും ലോകത്തിനും ഒന്നാകെ വന്‍ദുരന്തമാകുമെന്നായിരുന്നു പുടിന്‍ അന്ന് വ്യക്തമാക്കിയത്. റഷ്യയില്ലാത്തൊരു ലോകം ഇവിടെ വേണ്ടെന്നും അഭിമുഖത്തില്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി.

ആ മുന്നറിയിപ്പിനെ അത്ര ഭയക്കണോ?

യുക്രൈന്‍ അധിനിവേശം പ്രഖ്യാപിച്ച്‌ പുടിന്‍ ലോകരാജ്യങ്ങള്‍ക്ക് കൃത്യമായൊരു മുന്നറിയിപ്പുകൂടി നല്‍കിയിരുന്നു. യുക്രൈനിലെ സൈനികനടപടിയില്‍ ആര് ഇടപെടാന്‍ വന്നാലും ചരിത്രത്തില്‍ ഒരുകാലത്തും അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.

ചരിത്രത്തില്‍ ഒരുകാലത്തും കണ്ടിട്ടില്ലെന്ന പ്രയോഗത്തിന്റെ കൃത്യമായ സൂചന തന്നെ ആണവായുധ ആക്രമണമാണെന്ന് വ്യക്തമാണെന്നാണ് അന്താരാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവായുധം കൈവശമില്ലാത്ത രാജ്യത്തിനെതിരെയും ഇങ്ങോട്ട് പ്രയോഗിക്കാത്ത രാജ്യത്തിനെതിരെയും അത് ഉപയോഗിക്കരുതെന്ന് അലിഖിതമായൊരു നിയമമുണ്ട്. കഴിഞ്ഞ 75 വര്‍ഷവും ലോകരാജ്യങ്ങള്‍ ആ തത്വങ്ങള്‍ പിന്തുടര്‍ന്നുവന്നിട്ടുണ്ടെങ്കിലും എപ്പോഴും അപ്രവചനാത്മക സ്വഭാവമുള്ള പുടിന്റെ കാര്യത്തില്‍ ഒന്നും പറയാനാകില്ല എന്നതാണ് സത്യം. അതുകൊണ്ടൊക്കെത്തന്നെയാണ് യുക്രൈന്‍ സംഘര്‍ഷത്തിന്റെ തുടക്കംമുതല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും യുക്രൈന്‍ അതിര്‍ത്തിയിലുമെല്ലാം ആയിരക്കണക്കിനു സൈനികരെയും യുദ്ധക്കപ്പലുകളും വിന്യസിച്ച അമേരിക്കയും നാറ്റോയുമെല്ലാം യുദ്ധം ആരംഭിച്ച ശേഷം ഇടപെടാതെ സംയമനം പാലിച്ചത്.

എന്താണ് പുടിന്‍റെ പ്ലാന്‍?

ആണവായുധങ്ങള്‍ വെറുതെയൊരു സൈദ്ധാന്തിക നിര്‍ദേശം മാത്രമല്ലെന്ന് പുടിന്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ പുടിന്‍ അത്തരമൊരു പ്രയോഗത്തിലേക്ക് പോകില്ലെന്ന് ഒരിക്കലും ഉറപ്പിക്കാനാകില്ല.

എന്നാല്‍, അത്തരമൊരു അറ്റകൈപ്രയോഗത്തിലേക്ക് നീങ്ങിയാല്‍ യുക്രൈനിലോ അയല്‍രാജ്യങ്ങളിലോ ഒന്നുമാകില്ല അതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്ക് സമുദ്രത്തിലാകും പുടിന്റെ ആണവ പ്രയോഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടനും ഡെന്മാര്‍ക്കിനുമിടയിലുള്ള രാജ്യങ്ങള്‍ക്കെല്ലാം അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരും. ബ്രിട്ടനു പുറമെ നോര്‍വേ, ജര്‍മനി, നോര്‍വേ, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് അടക്കമുള്ള രാജ്യങ്ങളിലെല്ലാം അതിന്റെ ആഘാതമുണ്ടാകും.

യൂറോപ്യന്‍ യൂനിയന്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമവിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമെ കടുത്ത സാമ്ബത്തിക ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ സമ്ബദ്ഘടനയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിലേക്കും ഇ.യു കടക്കുകയാണ്. ജര്‍മനി യുക്രൈന് സഹായവുമായി സൈന്യത്തെ അയക്കാനും തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. അമേരിക്കയടക്കമുള്ള ലോകശക്തികളും ജപ്പാനും സിംഗപ്പൂരും ആസ്‌ട്രേലിയയുമെല്ലാം ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്കു നീങ്ങിയ പശ്ചാത്തലത്തില്‍ പുടിന്‍ കടുംകൈ ചെയ്യുമോ എന്ന ആശങ്കയില്‍ തന്നെയാണ് ലോകം.

Facebook Comments Box

By admin

Related Post