Wed. May 8th, 2024

കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ വരുന്നു; നിലവില്‍ കേരളത്തില്‍ ഉള്ളത് 1180 ഹോട്ടലുകള്‍

By admin Mar 14, 2022 #news
Keralanewz.com

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒരു നേരമെങ്കിലും ഭക്ഷണം ലഭ്യമാക്കണം എന്ന തീരുമാനത്തെ തുടര്‍ന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടല്‍ സംവിധാനവും സര്‍ക്കാര്‍ ആരംഭിക്കുന്നത്.2019-2020 ലെ സംസ്ഥാന ബജറ്റില്‍ വിശപ്പുരഹിതം കേരളം പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനെ ഏല്‍പ്പിക്കുകയും ചെയ്തു.

സാമ്ബത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് നാമമാത്രമായ നിരക്കില്‍ നല്ല ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മീഷന്‍ മുഖേന ജനകീയ ഹോട്ടല്‍ സംവിധാനം സംസ്ഥാനത്ത് നിലവില്‍ വരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1180 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം 110, കൊല്ലം 82,പത്തനംതിട്ട 59, ആലപ്പുഴ 89, കോട്ടയം 82, ഇടുക്കി 51, എറണാകുളം 114, തൃശ്ശൂര്‍ 97, പാലക്കാട് 102, മലപ്പുറം 128, വയനാട് 28, കോഴിക്കോട് 105, കണ്ണൂര്‍ 90, കാസറഗോഡ് 43 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടല്‍ വഴി 20 രൂപയ്ക്കാണ് (പാഴ്‌സലിന് 25 രൂപ) ഊണ് നല്‍കുന്നത്. 10% സൗജന്യ ഊണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിരാലംബര്‍ക്കും കിടപ്പിലായവര്‍ക്കും നല്‍കുന്നുണ്ട്.

ഒരു യൂണിറ്റിന് ഊണിനു 10 രൂപ സബ്‌സീഡിയും ജനകീയ ഹോട്ടല്‍ രൂപീകരണത്തിന് മെഷിനറികളും പാത്രങ്ങളും വാങ്ങാന്‍ ഒരു യൂണിറ്റിന് 50,000 രൂപ വരെ റിവോള്‍വിംഗ് ഫണ്ടും നല്‍കുന്നു.യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗജന്യമായി നല്‍കും. ജനകീയ ഹോട്ടലുകളിലേക്ക് കിലോയ്ക്ക് 10.90 രൂപ സബ്‌സിഡി നിരക്കില്‍ അരി സംഭരിക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് സഹായിക്കുന്നു.ജനകീയ ഹോട്ടലിലെ ഊണിന് സബ്‌സിഡിയായി കുടുംബശ്രീ ഇതുവരെ 73.64 കോടി രൂപ ചെലവഴിച്ചു.സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വഴി 4885 കുടുംബശ്രീ അംഗങ്ങള്‍ക്കും ഇത് ഉപജീവനമാര്‍ഗമായി മാറി.ജനകീയ ഹോട്ടലുകള്‍ വഴി പ്രതിദിനം ശരാശരി രണ്ടു ലക്ഷം ഊണ് ആണ് വിറ്റഴിക്കുന്നത്

Facebook Comments Box

By admin

Related Post