Sat. May 18th, 2024

ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഇടതുമുന്നണിക്ക്‌ വിജയസാധ്യതയുള്ള രണ്ടുസീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും പങ്കിടും

By admin Mar 16, 2022 #news
Keralanewz.com

തിരുവനന്തപുരം : ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ഇടതുമുന്നണിക്ക്‌ വിജയസാധ്യതയുള്ള രണ്ടുസീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും പങ്കിടും. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌.
രാജ്യസഭാ സീറ്റിന്‌ മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കണമെന്ന ഏകകണ്‌ഠമായ പൊതുധാരണയിലാണ്‌ എത്തിച്ചേര്‍ന്നതെന്ന്‌ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു.
സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ സീറ്റ്‌ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടെടുക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്‌. അത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്താങ്ങുകയും ചെയ്‌തു.


കഴിഞ്ഞ തവണ രണ്ടു സീറ്റുകള്‍ ഒഴിവുവന്നപ്പോള്‍ അതും രണ്ടും ഏറ്റെടുത്ത സി.പി.എം, അടുത്തതവണ ഒഴിവുവരുമ്പോള്‍ ഒരു സീറ്റ്‌ തങ്ങള്‍ക്ക്‌ തരാമെന്ന്‌ ഉറപ്പുനല്‍കിയിരുന്നതായി സി.പി.ഐ. പ്രതിനിധികള്‍ യോഗത്തില്‍ വ്യക്‌തമാക്കി. അതോടൊപ്പം ജെ.ഡി.എസും എന്‍.സി.പിയും തങ്ങളുടെ ആവശ്യവും മുന്നോട്ടുവച്ചു.


തങ്ങള്‍ ഒഴിയുന്ന സീറ്റായതുകൊണ്ട്‌ തങ്ങള്‍ക്കും അവകാശവാദമുണ്ടെന്ന്‌ എല്‍.ജെ.ഡി. ചൂണ്ടിക്കാട്ടി. മന്ത്രിസഭയിലും പ്രാതിനിധ്യമില്ല. ചെറുതും വലുതുമായ കക്ഷികള്‍ ചേരുന്നതാണ്‌ മുന്നണിയെന്നും എല്‍.ജെ.ഡി. അഭിപ്രായപ്പെട്ടു. നിലവിലെ ദേശീയസാഹചര്യത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനമെന്ന്‌ മുഖ്യമന്ത്രി വിശദീകരിച്ചു. മുന്നണിയുടെ തീരുമാനം അംഗീകരിക്കുകയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ എല്ലാവരും അവകാശവാദങ്ങള്‍ ഉപേക്ഷിച്ച്‌ സീറ്റുകള്‍ മുന്നണിയിലെ രണ്ടു പ്രമുഖ കക്ഷികള്‍ വീതിച്ചെടുക്കാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു.


ഇടതുമുന്നണി എന്ന നിലയില്‍ സീറ്റുമായി ബന്ധപ്പെട്ട്‌ സംബന്ധിച്ച്‌ പൊതുചര്‍ച്ച നടത്തിയിട്ടുണ്ട്‌. എല്ലാ ഘടകകക്ഷികളും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അതെല്ലാം പരിശോധിച്ചശേഷമാണ്‌ ഈ തീരുമാനത്തില്‍ എത്തിയതെന്ന്‌ എ. വിജയരാഘവന്‍ പറഞ്ഞു. നിയമസഭയില്‍ സി.പി.എമ്മിനാണ്‌ ഏറ്റവും കൂടുതല്‍ അംഗബലമുള്ളത്‌. സി.പി.ഐയും അംഗബലമുള്ള പാര്‍ട്ടിയാണ്‌. എന്നാല്‍, ഈ അംഗബലത്തിന്റെ പരിഗണന വച്ചു മാത്രമല്ല തീരുമാനം. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുകയെന്ന പൊതുനിര്‍ദേശമാണ്‌ മുന്നണിയുടെ മുന്നില്‍ വന്നതെന്നും അദ്ദേഹം പഞ്ഞു.


മുന്നണിയിലെ എല്ലാഘടകകക്ഷികളും യോജിപ്പോടെ തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എല്ലാ ഘടകകക്ഷികളും ഇപ്പോള്‍ മന്ത്രിസഭയിലല്ല എന്നതു ശരിയാണ്‌. എന്നാലും അവര്‍ കൂടി അംഗീകരിച്ചു തന്നെയാണ്‌ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഈ ആഴ്‌ച പാര്‍ട്ടിയോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കും. മുന്നണിയോഗത്തില്‍ ഐ.എന്‍.എല്ലിന്റെ പ്രതിനിധിയായി അവരുടെ മന്ത്രി പങ്കെടുത്തു.


മദ്യനയം ഇടതുമുന്നണി ഉടന്‍ ചര്‍ച്ചചെയ്യും. ബസ്‌നിരക്ക്‌ വര്‍ധന സംബന്ധിച്ച നിര്‍ദേശം മുന്നണിക്കു മുന്നില്‍ വന്നില്ല. അത്‌ വരുമ്പോള്‍ ചര്‍ച്ചചെയ്യും. ഇന്നത്തെ യോഗത്തില്‍ രാജ്യസഭാസീറ്റ്‌ മാത്രമാണ്‌ ചര്‍ച്ചചെയ്‌തതെന്നും വിജയരാഘവന്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post