Thu. May 9th, 2024

പരീക്ഷാച്ചൂടില്‍ കേരളം: എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മലപ്പുറത്ത്

By admin Mar 31, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് തുടക്കം. നാല് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികളാണ്, ഇന്ന് പരീക്ഷ എഴുതുന്നത്.

പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍, കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്നാരംഭിക്കുന്ന പരീക്ഷ അടുത്ത മാസം 29 ന് അവസാനിക്കും. മെയ് 3 മുതല്‍ 10 വരെയാണ് ഐടി പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള 2961 കേന്ദ്രങ്ങളിലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും, 408 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും, ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും, തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും, കന്നഡ മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും, 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.

മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്‌എസ് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം. ഇവിടെ, 2014 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. അതേസമയം, സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചു. ഏപ്രില്‍ 26 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 2005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍, ആകെ 4,33,325 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് മൂന്ന് മുതല്‍, പ്രാക്ടിക്കല്‍ പരീക്ഷ തുടങ്ങും

Facebook Comments Box

By admin

Related Post