Sun. May 19th, 2024

മോന്‍സണ്‍ കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍; പുറത്താക്കി വാച്ച്‌ ആന്‍ഡ് വാര്‍ഡ്

By admin Jun 19, 2022 #news
Keralanewz.com

തിരുവനന്തപുരം: ലോക കേരള സഭയുടെ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ മോന്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിലിനെ പുറത്താക്കി.

സഭ ടിവിയുടെ ഓഫീസ് മുറിയിലെത്തിയ അനിതയെ വാച്ച്‌ ആന്‍ഡ് വാര്‍ഡാണ് പുറത്താക്കിയത്.

ലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിത ഇല്ലെന്നാണ് നോര്‍ക്ക അധികൃതരുടെ വിശദീകരണം. ഇറ്റലിയിലെ റോമില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനിയാണ് അനിത. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് നേരത്തെ അനിത ലോക കേരള സഭയില്‍ അംഗമായത്.

മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് പിന്നീട് അവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് എത്തിയ ഇവര്‍ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു.

ഇന്നും ഇവരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഐഡി കാര്‍ഡ് കൈവശമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളെ മാത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്ന ശക്തമായ തീരുമാനത്തിലേക്ക് പ്രോട്ടോക്കോള്‍ വിഭാഗവും നോര്‍ക്കാ അധികൃതരും മാറിയിരുന്നു.

ഐഡി കാര്‍ഡ് പരിശോധിച്ച്‌ മാത്രമാണ് ഇന്ന് പ്രതിനിധികളെ കയറ്റി വിട്ടത്. ഇക്കാര്യത്തില്‍ അധികൃതര്‍ വേണ്ട കരുതല്‍ സ്വീകരിക്കുകയായിരുന്നു. സഭാ ടി.വിയുടെ ഓഫീസില്‍ ഇരിക്കുമ്ബോഴാണ് അനിത പുല്ലയിലിനെ ശ്രദ്ധിക്കുന്നത്. ഈ സമയം ചാനല്‍ ക്യാമറകള്‍ ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് എത്തി അനിത പുല്ലയിലിനെ പുറത്താക്കുകയായിരുന്നു.

തൃശൂര്‍ മാള സ്വദേശിയായ അനിത 23 വര്‍ഷമായി ഇറ്റലിയിലാണ് താമസം. പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ലോബല്‍ വനിത കോഓര്‍ഡിനേറ്ററാണ്. ജര്‍മനിയില്‍നിന്നാണ് അനിത ലോകകേരള സഭയിലെത്തിയത്. എന്നാല്‍ ജര്‍മനിയില്‍ നിന്നുള്ള അതിഥികളുടെ പട്ടികയില്‍ ഇവരില്ല.

Facebook Comments Box

By admin

Related Post