Fri. Apr 19th, 2024

തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം തോൽക്കുന്ന സീറ്റുകൾ എറ്റെടുത്തു വിജയിപ്പിക്കാൻ യൂത്ത് കോൺ​ഗ്രസ് ; തൃശ്ശൂരിൽ നടന്ന രണ്ടാം ചിന്തൻ ശിബിരത്തിലെ നിർണായക തീരുമാനങ്ങൾ

By admin Aug 4, 2022 #news
Keralanewz.com

തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം തോൽക്കുന്ന സീറ്റുകൾ എറ്റെടുക്കാൻ ഒരുങ്ങി യൂത്ത് കോൺ​ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പുകളിൽ സ്ഥിരം തോൽക്കുന്നു എന്ന പേരിൽ സീറ്റുകളെ എഴുതിത്തള്ളുന്ന ശൈലിക്ക് മാറ്റം വരുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. മത്സരിക്കാൻ പോലും ആരും തയ്യാറാവാത്ത സീറ്റുകളെ ജയിക്കാവുന്ന തരത്തിലേക്ക് മാറ്റിയെടുക്കാൻ കഴിയുമെന്നും നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന രണ്ടാം ചിന്തൻ ശിബിരത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ 832 മണ്ഡലം പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും മാത്രം പങ്കെടുത്ത യോഗത്തിൽ ഈ ആശയത്തിന് വലിയ സ്വീകാര്യത കിട്ടി. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും നഗരസഭകളിലുമായി 21,908 സീറ്റുകളാണുള്ളത്. ഇതിന്റെ മൂന്നിലൊന്ന് എണ്ണത്തിലെങ്കിലും യൂത്ത്കോൺഗ്രസ് ജയിക്കുക എന്ന അജൻഡയാണ് മുന്നോട്ടു വയ്ക്കുന്നത്. ഇതിനായി കോൺഗ്രസിന്റെ ദയാവായ്പിനു കാത്തുനിൽക്കേണ്ട സ്ഥിതി മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനാണ് രൂപരേഖ അവതരിപ്പിച്ചത്.

ചില സേവനപ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ. യുടെ മാത്രം കുത്തകയെന്ന് സമൂഹം കാണുന്നുവെന്ന കാഴ്ചപ്പാട് മാറ്റാനുള്ള ‘യൂത്ത് കെയർ’പദ്ധതി ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ദിവസം അഞ്ചു പേർ രക്തദാനം നടത്താനുള്ള ”ബി പോസിറ്റീവ് ‘ എന്നതാണിതിൽ പ്രധാനം.

ഓഗസ്റ്റ് 20 മുതൽ ഒക്ടോബർ 31 വരെ യൂണിറ്റ് കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളിൽ അവയ്ക്ക് രൂപം കൊടുക്കാനുള്ള തീവ്രപരിപാടിയാണ്. നവംബറിൽ യൂണിറ്റ് തലം, ഡിസംബറിൽ മണ്ഡലം തലം, ജനുവരിയിൽ നിയമസഭാ മണ്ഡലം തലം, ഫെബ്രുവരി- മാർച്ച് ജില്ലാ തലം എന്നിങ്ങനെ സമ്മേളനങ്ങൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനം ഏപ്രിലിൽ തൃശ്ശൂരിൽ നടക്കും. യൂത്ത് കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി കൃഷ്ണ അല്ലാവരു ചിന്തൻ ശിബിർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അധ്യക്ഷനായി. ഇപ്പോഴത്തെ പ്രളയജലം ഇറങ്ങും മുമ്പ് സിൽവർലൈൻ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, വിദ്യ ബാലകൃഷ്ണൻ, പി.എൻ.വൈശാഖ്, ശ്രാവൺ പ്രഭു, സിബി പുഷ്പലത, റിജിൽ മാക്കുറ്റി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

Facebook Comments Box

By admin

Related Post