Sun. May 5th, 2024

‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’; അവധി പ്രഖ്യാപിക്കാൻ വൈകിയ എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മാതാപിതാക്കളും കുട്ടികളും

By admin Aug 4, 2022 #news
Keralanewz.com

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിൽ അവധി പ്രഖ്യാപിക്കാൻ വൈകിയ എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. ‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’ എന്ന് തുടങ്ങി കമന്റ് ഇടുന്നവരുടെ എണ്ണം കൂടുതലാണ്. കുട്ടികളെക്കാളും കൂടുതൽ കലിപ്പിലായത് മാതാപിതാക്കളാണ്. പലരും കനത്ത മഴ തുടരുമ്പോഴും വളരെ കഷ്ടപ്പെട്ടാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചത്. നഗരത്തിലെ സ്കൂളുകളിൽ രാവിലെ തന്നെ ക്ലാസുകൾ തുടങ്ങും. അതുകൊണ്ട് പലരും ക്ലാസ് മുറിയിൽ ഇരിക്കുമ്പോഴാണ് കളക്ടർ രേണു രാജിന്റെ അവധി പ്രഖ്യാപനം.

‘ഇൻഎഫിഷ്യന്റ് കലക്ടർ’ എന്നു ചില മാതാപിതാക്കൾ. ‘വെങ്കിട്ടരാമന്റെ ബ്രാൻഡാണെന്നു തോന്നുന്നു’ എന്നു മറ്റു ചിലർ. കഷ്ടം. ‘ഇന്ന് ഈ പേജിൽ കുത്തിയിരുന്നു മടുത്താണു സ്കൂളിൽ വിട്ടത്’ എന്ന് ഏഞ്ചൽ റോസെന്ന യൂസർ. എന്തായാലും കമന്റ് ബോക്സ് നിറയെ എറണാകുളം ജില്ലാ കലക്ടർ ഡോ.രേണു രാജിനു പൊങ്കാല തന്നെയാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം മഴ തോർന്നു നിൽക്കുന്നതു കണ്ടാണ് ഇന്ന് എറണാകുളം ജില്ല മുഴുവൻ അവധി പ്രഖ്യാപിക്കുന്നതിനു പകരം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏതാനും ഉപജില്ലകൾക്കു മാത്രം കലക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയിൽ മഴ കനത്തതോടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാർഥികളും മാതാപിതാക്കളും. ഒടുവിൽ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാർത്ഥികളെ ഒരുക്കി സ്കൂളിൽ വിടേണ്ടി വന്നു മാതാപിതാക്കൾക്ക്.

ഇന്നലെ മുതൽ വിദ്യാർഥികളും മാതാപിതാക്കളും കലക്ടറു പേജിൽ കയറി അഭ്യർഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് 8.25ന്. അപ്പോഴേക്കും കുട്ടികൾ സ്കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാർഥികൾക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മിക്ക സ്കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

ഭവൻസ് സ്കൂളിനും പതിവു പോലെ ക്ലാസുണ്ടാകുമെന്നും മാതാപിതാക്കൾക്ക് ആവശ്യമെങ്കിൽ കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. തേവര എസ്എച്ച് സ്കൂളിൽ കലക്ടർ അവധി പ്രഖ്യാപിക്കും മുമ്പു തന്നെ അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടായില്ല.

ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എറണാകുളത്തും തൃശൂരും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. എംജി സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി പിന്നീട്. വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂർ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.

തൃശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണ് ഇന്നലെ അവധി പ്രഖ്യാപിച്ചത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പോടെയാണ് തീരുമാനം മാറ്റിയത്. തൃശൂരിനു പുറമേ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

കൊല്ലത്ത് അഞ്ചൽ വിദ്യാഭ്യാസ ഉപജില്ലയിലും അവധി. കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ മാറ്റിവച്ചു. ഇന്നു മുതൽ വെള്ളിയാഴ്ച വരെയുള്ള പരീക്ഷകളാണ് മാറ്റിയത്

Facebook Comments Box

By admin

Related Post