Wed. May 15th, 2024

സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞു വീണു മരിച്ചു

By admin Aug 30, 2022 #news
Keralanewz.com

തൃശൂർ: പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി (51) വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിൽ അംഗമായിരുന്നു. എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡായിരുന്നു ജിഗ്സോ പസിൽ. പിന്നീടു സ്ലോ പെഡൽസ് എന്ന ബാൻഡിലെ അംഗമായി.

ഫ്രോസൺ, കമ്മട്ടിപ്പാടം, ഈട, ഉന്നം, ഒളിപ്പോര് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ്. ഇദി സംഗതി എന്ന തെലുങ്കു സിനിമയ്ക്കും കാർത്തിക് എന്ന കന്നഡ സിനിമയ്ക്കും സംഗീതം ചെയ്തു. നെയ്ത്തുകാരൻ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും നിർവഹിച്ചു. 

മഡ്രിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ഫ്രോസൺ എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനായി. പ്രശസ്ത നർത്തകി ദക്ഷ സേത്തിനു വേണ്ടി ഏഷ്യ ഹെൽസിങ്കി സംഗീതോത്സവത്തിൽ സംഗീതം ചെയ്യുകയും പങ്കെടുക്കുകയും ചെയ്തു. മണ്ണുത്തി മുല്ലക്കര ഡോൺ ബോസ്കോ സ്കൂളിനു സമീപം പുറത്തൂർ കിട്ടൻ വീട്ടിൽ കുടുംബാംഗമാണ്. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ പഠിക്കുമ്പോൾത്തന്നെ വിവിധ ബാൻഡുകളിൽ ഗിത്താർ വായിച്ചിരുന്ന ജോൺ പാട്ടുകൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്കാരം പിന്നീട്. 

ഭാര്യ: ബേബി ജോൺ (അധ്യാപിക, ഡോൺ ബോസ്കോ സ്കൂൾ, മണ്ണുത്തി). മക്കൾ: ജോബ് ജോൺ, ജോസഫ് ജോൺ

Facebook Comments Box

By admin

Related Post