Sun. May 19th, 2024

രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണോ? അതോ വയനാട്ടിൽ തുടരണമോ? മണ്ഡലത്തിലെ വോട്ടര്‍മാര്‍ എന്ത് പറയുന്നു? സര്‍വെ ഫലം പുറത്ത് .

By admin Aug 28, 2023
Keralanewz.com

തിരുവനന്തപുരം: ലോക്സഭാ ഇലക്ഷൻ ഇങ്ങടുത്തതോടെ, സഖ്യങ്ങള്‍ ശക്തമാക്കി ഇരുപാര്‍ട്ടികളും ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ തന്നെ, ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ് പ്രമുഖ നേതാക്കള്‍ എവിടെ മത്സരിക്കുന്നു എന്നുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, എന്തിന് തിരുവനന്തപുരത്ത് വരെ മത്സരിച്ചേക്കുമെന്ന തരത്തില്‍ വരെ പ്രചരണങ്ങളുണ്ടായിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തവണ അദ്ദേഹം വീണ്ടും അമേഠിയയിലും വയനാട്ടിലും മത്സരിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നെങ്കിലും പരമ്ബരാഗത കോണ്‍ഗ്രസ് സീറ്റായ അമേഠിയില്‍ അദ്ദേഹം പരാജയപ്പെട്ടു. വയനാട്ടിലെ വിജയമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലോക്സഭാഗത്വം ഉറപ്പിച്ചത്.

ഇത്തവണ രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മത്സരിക്കുമെന്ന പ്രസ്താവനകളുമായി നിരവധി കോണ്‍ഗ്രസ് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയെയും മത്സരിപ്പിക്കുമെന്ന രീതിയിലാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍.

ഇതിനിടയിലാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുന്നതില്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച്‌ എബിപി ന്യൂസും സിവോട്ടറും രംഗത്ത് വരുന്നത്. രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിക്കണമോ എന്ന ചോദ്യത്തിന് മൊത്തം വോട്ടര്‍മാരില്‍ 43.2 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചത്. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരില്‍ 49.9 ശതമാനവും എൻഡിഎ അനുഭാവികളില്‍ 33.1 ശതമാനവും രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ശ്രദ്ധേയം.

മറുവശത്ത്, 23.6 ശതമാനം പ്രതിപക്ഷ അനുഭാവികളും 34.7 ശതമാനം എൻഡിഎ വോട്ടര്‍മാരും ഗാന്ധി അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം ആളുകളും കോണ്‍ഗ്രസ് എംപിയെ അമേഠിയില്‍ മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. പ്രതികരിച്ചവരില്‍ 28.8 ശതമാനം പേരും ചോദ്യത്തില്‍ നിഷ്പക്ഷത പാലിക്കുകയും ചെയ്തു.

പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അമേഠിയില്‍ തിരിച്ചെത്തിയാല്‍ രാഹുല്‍ ഗാന്ധിയുടെ ഡെപ്പോസിറ്റ് പോലും നഷ്ടപ്പെടുമെന്നാണ് ബിജെപി പറയുന്നത്. അതേസമയം സ്മൃതി ഇറാനിക്ക് ഗാന്ധിജിയെ ഭയമാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ഫലത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും അമേഠിയിലും മത്സരിക്കാനുള്ള സാധ്യതയാണുള്ളത്.

കഴിഞ്ഞ തവണ അമേഠിയില്‍ ബി ജെ പി നേതാവ് സ്മൃതി ഇറാനിയോട് 55,000-ഓളം വോട്ടിനായിരുന്നു രാഹല്‍ ഗാന്ധി പരാജയപ്പെട്ടത്. എന്നാല്‍ വയനാട്ടിലെ വിജയം നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള ആലോചനയും നടന്ന് വരികയാണ്.

എന്നാൽ വയനാട്ടിൽ മത്സരിക്കുമ്പോൾ പഴയ വിജയം ആവർത്തിക്കാനാകുമോ എന്ന സന്ദേഹത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം . കഴിഞ്ഞ ഇലക്ഷനിൽ രാഹുൽ പ്രധാനമന്ത്രിയാകും എന്ന പ്രതീക്ഷയിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി വോട്ടു ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി ആ പ്രതീക്ഷയില്ല. കൂടാതെ രാഹുലിന് ഹിന്ദി ബെൽറ്റിൽ മത്സരിക്കാനുള്ള ഭയം മുതലാക്കി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

Facebook Comments Box

By admin

Related Post