Mon. May 6th, 2024

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തിന് സര്‍വീസ് നടത്തണമെന്ന് തോമസ് ചാഴികാടന്‍ എം.പി

By admin Aug 31, 2023 #news
Keralanewz.com

കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴി തിരുവനന്തപുരത്തിന് സര്‍വീസ് നടത്തണമെന്ന് തോമസ് ചാഴികാടന്‍ എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട്, തിരുവനതപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ എന്നിവര്‍ക്ക് അദ്ദേഹം കത്തു നല്‍കി.

നിലവിലെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് യാത്രക്കാരില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു റൂട്ടുകളേക്കാള്‍ ഏറെ മുന്‍പന്തിയിലാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. പാലക്കാട് റെയില്‍വേ ഡിവിഷന് അനുവദിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസ് നിലവില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ്സിന് എതിര്‍ ദിശയില്‍ രാവിലെ മംഗലാപുരത്തുനിന്നും യാത്ര പുറപ്പെട്ട് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തി തിരുവനന്തപുരത്തിന് സര്‍വീസ് നടത്തിയാല്‍, മധ്യ തിരുവതാംകൂര്‍- മലബാര്‍ സെക്ടറിലെ യാത്ര ക്ലേശത്തിന് ഏറെക്കുറേ പരിഹാരമാകും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതു പ്രയോജനകരമാകുമെന്നും അദ്ദേഹം അറിയിച്ചു.

മംഗലാപുരത്തുനിന്നും തിരുവനന്തപുരം വരെ ഇപ്പോള്‍ ലഭ്യമായ ഒരു റേക്ക് ഉപയോഗിച്ച് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുവാന്‍ സാങ്കേതിക തടസം ഉള്ളപക്ഷം സര്‍വീസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കാതെ കോട്ടയം വരെ സര്‍വീസ് നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു. കോട്ടയം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പര്‍ 3പ്ലാറ്റ്‌ഫോം നമ്പര്‍ 1A എന്നിവ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

മംഗലാപുരത്തുനിന്നും രാവിലെ സര്‍വീസ് ആരംഭിച്ചു ഉച്ചയോടെ കോട്ടയത്ത് എത്തി മടങ്ങി പോകുന്ന പ്രകാരം സര്‍വീസ് ക്രമീകരിക്കാവുന്നതാണെന്നും മംഗലാപുരം-കോട്ടയം ദൂരമായ 474 കിലോമീറ്റര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് ഏതാണ്ട് 7 മണിക്കൂര്‍ കൊണ്ട് ഓടിയെത്താനാകുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. മംഗലാപുരം സ്റ്റേഷനില്‍ ട്രെയിനിന്റെ മെയിന്റിനന്‍സിന് ആവശ്യമായ സമയം ലഭ്യമാകുമെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വലിയ തോതിലുള്ള വികസനമാണ് നടന്നത്. യാത്രാ വണ്ടികള്‍ കൈകാര്യം ചെയ്യുന്നതിനായി ആറ് പ്ലാറ്റുഫോമുകളും കോച്ചുകളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കി. എന്നാല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പ്ലാറ്റ്‌ഫോം ടേണ്‍ റൗണ്ട് (PFTR) സംവിധാനത്തില്‍ യാത്രാ വണ്ടികളുടെ സര്‍വീസുകള്‍ കോട്ടയത്ത് നിന്നും ആരംഭിക്കുവാന്‍ കഴിയുമെന്നും എം.പി ചൂണ്ടിക്കാണിച്ചു.

Facebook Comments Box

By admin

Related Post