Mon. May 20th, 2024

തിരുവനന്തപുരം: പുളിങ്കോട് ക്ഷേത്രത്തിനു മുമ്പിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ .

By admin Sep 12, 2023
Keralanewz.com

പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒളിയിടത്തില്‍ നിന്ന് പൊങ്ങിയ പ്രിയരഞ്ജൻ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞത് അറിയാതെ ആക്‌സിലേറ്ററില്‍ കാല് അമര്‍ന്ന് നിയന്ത്രണം പോയെന്ന്:- മനോനില താളം തെറ്റിയ അവസ്ഥയിലാണ് ഇപ്പോഴെന്നാണ് പോലീസ്:- പ്രതിക്ക് പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പിച്ച്‌ നാട്ടുകാര്‍:- അക്രമാസക്തരാകാതെ സംയമനം പാലിച്ച്‌ നാട്ടുകാർ.

പുളിങ്കോട് ക്ഷേത്രത്തിനു മുന്നില്‍ വച്ച്‌ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാര്‍ ഇടിച്ച്‌ കൊലപ്പെടുത്തിയ പ്രതി പന്ത്രണ്ട് ദിവസന്തങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ വച്ച്‌ പോലീസ് പിടിയിലായത്. സംഭവ സ്ഥലത്ത് പ്രതിയെ എത്തിച്ചപ്പോള്‍ സംയമനം പാലിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ പോലീസിനെ നാട്ടുകാര്‍ അനുവദിക്കുകയായിരുന്നു. പറ്റിപ്പോയി, അറിയാതെ ആക്‌സിലേറ്ററില്‍ കാല് അമര്‍ന്ന് നിയന്ത്രണം പോയെന്നായിരുന്നു പ്രതിയുടെ മൊഴി. മനോനില താളം തെറ്റിയ അവസ്ഥയിലാണ് ഇപ്പോഴെന്നാണ് പോലീസ് പറയുന്നത്.

അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കാണാനിടയായ ബന്ധുക്കളില്‍ ഉണ്ടായ സംശയമാണ് അപകടമരണമായി അവസാനിക്കേണ്ട കേസ് ആസൂത്രിത കൊലയെന്ന് സംശയത്തിലെത്തുന്നത്. പിന്നെ പ്രതിക്കു വേണ്ടിയുള്ള പാച്ചിലായിരുന്നു. 12-ാം ദിനം പ്രതി കുടുങ്ങിയത് പൊലീസിനു ആശ്വാസമായി. പ്രതി പിടിയിലായതറിഞ്ഞ് കാട്ടാക്കട പൊലീസ് സ്റ്റേഷനു മുന്നില്‍ ജനം തടിച്ച്‌ കൂടി. വൈകിട്ട് 5 മണിയോടെ സ്റ്റേഷനു മുന്നില്‍ പ്രതിയെ കാണാൻ അളെത്തി തുടങ്ങി.

വന്നവരൊക്കെ കടുത്ത അമര്‍ഷത്തില്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു. 6.45ന് ഇൻസ്പെക്ടര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയുമായി വന്ന ജീപ്പ് സ്റ്റേഷൻ വളപ്പിലേക്ക്. ഇതോടെ ജനം ആകെ നിയന്ത്രണം വിട്ട് ശാപ വാക്കുകളും അസഭ്യവുമായി പ്രതിക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമം. പെട്ടെന്നു തന്നെ ഗേറ്റ് പൂട്ടി പൊലീസ് സംഘം ജനത്തെ പ്രതിരോധിച്ചു. ജീപ്പില്‍ നിന്നും മുഖം മറച്ച്‌ ചാനല്‍ ക്യാമറകള്‍ക്ക് ഇടയിലൂടെ പ്രതിയെ പണിപ്പെട്ട് പൊലീസ് സ്റ്റേഷനുള്ളിലേക്ക് മാറ്റി. സ്റ്റേഷനു മുന്നില്‍ തടിച്ച്‌ കൂടിയവര്‍ പ്രതിയെ കാണാ‌തെ തിരികെ പോകില്ലെന്ന് വാശിയില്‍. ഇതിനിടെ റൂറല്‍ പൊലീസ് മേധാവി സ്റ്റേഷനിലെത്തി.

ഗത്യന്തരമില്ലാതെ ഇൻസ്പെക്ടര്‍ പ്രതിയെ കാണിക്കാമെന്ന് ഉറപ്പ് നല്‍കി. രാത്രി 8 മണിയോടെ കനത്ത പൊലീസ് സുരക്ഷയില്‍ 2 മിനിറ്റ് സമയം സ്റ്റേഷൻ വരാന്തയില്‍ പ്രിയരഞ്ജനെ നിര്‍ത്തി. പ്രിയരഞ്ജനെ റൂറല്‍ പൊലീസ് മേധാവി ഡി.ശില്‍പ, ഡിവൈഎസ്പി: എൻ.ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍. ആദ്യം അലക്ഷ്യമായി വാഹനം ഓടിച്ചതിനായിരുന്നു പ്രിയരഞ്ജനെതിരെ കേസ്. 2 ദിവസത്തിനു ശേഷം മനഃപൂര്‍വമല്ലാത്ത നരഹത്യ കേസായി. സിസിടിവി ദൃശ്യങ്ങള്‍ വ്യപകമായി പ്രചരിച്ചതും ബന്ധുക്കളുടെ മൊഴിയും നരഹത്യ വകുപ്പ് ചുമത്താൻ കാരണമായി.

എന്നാല്‍ അടുത്ത ബന്ധുക്കള്‍ നല്‍കിയ മൊഴിയും പിതാവിന്റെ പരാതിയും 5 മാസം മുൻപ് പുളിങ്കോട് ക്ഷേത്ര വളപ്പില്‍ ആദിശേഖറിനെ പ്രതി മര്‍ദിക്കാൻ ഒരുങ്ങിയെന്ന വെളിപ്പെടുത്തലും ആസൂത്രിത കൊലപാതകമെന്ന് സ്ഥിരീകരിച്ചു. 5 മാസം മുൻപ് ക്ഷേത്ര വളപ്പില്‍ പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തു.’ മാമാ ഇത് ശരിയാണൊ. ക്ഷേത്രമല്ലേ? എന്ന് മാത്രമായിരുന്നു ആദിശേഖര്‍ നിഷ്കളങ്കമായി ചോദിച്ചത്.

അന്ന് ആദിശേഖറിനോട് കയര്‍ത്തു പ്രിയരഞ്ജൻ. കൈ സൈക്കിളിലെ ഹാൻഡില്‍ അമത്തി പിടിച്ചിരുന്ന ആദിശേഖറിന്റെ കൈകളില്‍ ബലമായി പിടിച്ച്‌ അമര്‍ത്തി അന്ന് പ്രിയരഞ്ജൻ ദേഷ്യം തീര്‍ത്തു. കാണിച്ച്‌ തരാമെന്ന വെല്ലുവിളിയും. ഇതാണ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച അരും കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.

അതിനിടെ പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയേക്കും. കാട്ടാക്കട പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രിയരഞ്ജൻ ഓടിച്ചിരുന്ന ഇലക്‌ട്രിക് കാര്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വാഹനത്തിനു തകരാറില്ലെന്ന് കണ്ടെത്തി. പുതിയ കാറിന്റെ മെക്കാനിക്കല്‍ സൈഡ് എല്ലാം ഭദ്രമെന്ന് കണ്ടെത്തി. ഇതോടെ കാറിന്റെ തകരാര്‍ അല്ല അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായി.

Facebook Comments Box

By admin

Related Post