Fri. May 3rd, 2024

ഇന്ത്യയിലെ ഏറ്റവും മികച്ച ജി എസ് ടി പുന:സംഘടന കേരളത്തിലേത് ; പുന:സംഘടനയെക്കുറിച്ച് പഠിക്കാൻ ആന്ധ്രാ സംഘം കേരളത്തിൽ .

By admin Sep 19, 2023 #news
Keralanewz.com

തിരുവനന്തപുരം :
കേരളത്തിലെ ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയെക്കുറിച്ച് പഠിക്കാൻ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമെത്തി. ജി.എസ്.ടി. വകുപ്പിൽ ഏറ്റവും മികച്ച രീതിയിൽ പുനഃസംഘടന നടന്നതു കേരളത്തിലാണെന്നു സംഘം അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും പഠിക്കാൻ പോയിട്ടുണ്ടെങ്കിലും പൂർണമായും ജി.എസ്.ടി.യിലേക്കു മാറിയ ഭരണസംവിധാനം കേരളത്തിന്റേതു മാത്രമാണെന്നും അത് രാജ്യത്തിന് മാതൃകയാണെന്നും സംഘം അഭിപ്രായപ്പെട്ടു. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സംഘങ്ങളും നേരത്തേ എത്തിയിരുന്നു. കേരളത്തിനെ മാതൃകയാക്കി കർണാടകം ഇന്റലിജൻസ് സംവിധാനം രൂപവത്കരിച്ചിരുന്നു.

കേരളത്തിന്റെ ജി.എസ്. ടി. ഇന്റലിജൻസ് വിഭാഗം പുനഃസംഘടനയ്ക്കുശേഷം ഈ സാമ്പത്തികവർഷം മാത്രം 325-ൽപ്പരം പരിശോധനകൾ നടത്തുകയും മൂന്നു വർഷങ്ങൾക്കു മുന്നേ അഞ്ചുകോടി രൂപ മാത്രമുണ്ടായിരുന്ന വരുമാനം 2023-24 സാമ്പത്തിക വർഷം 1090 കോടിയിലധികമായി കുതിച്ചുചാടുകയും ചെയ്തു.

സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ കാരണം കേന്ദ്രത്തിന്റെ പ്രതികാരനടപടികൾ കാരണമല്ലെന്നും നികുതി പിരിച്ചെടുക്കുന്നതിലെ വീഴ്ചയാണെന്നും യുഡിഎഫും ബിജെപിയും നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന്റെയും അഭിപ്രായത്തിന്റെയും പ്രസക്തി കൂടുന്നു. രാജ്യത്തെയാകെ ഒറ്റ നികുതി സംവിധാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം പറഞ്ഞ് മോഡി സർക്കാർ നടപ്പാക്കിയ ജിഎസ്ടി എത്രത്തോളം സംസ്ഥാനവിരുദ്ധമാണെന്ന് എല്ലാ സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അവിടെയാണ് സംസ്ഥാനത്തെ ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ച് സംസ്ഥാനം തനതുനിലയിൽ നികുതിവരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പരിശോധനാ സംവിധാനങ്ങൾക്ക് വലിയ പ്രധാന്യം നൽകി വകുപ്പ് പുനഃസംഘടിപ്പിച്ചു. അത് വഴി നികുതിത്തട്ടിപ്പിനുള്ള അവസരങ്ങൾ ഇല്ലാതാക്കാൻ കേരളത്തിന് കഴിയുന്നു. ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളും കേരളമാതൃക ആ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിന് ശ്രമിക്കുകയാണ്.

സംസ്ഥാനത്തെ നികുതി വരുമാനത്തിൽ ഓരോ വർഷവും വർധനവാണ് രേഖപ്പെടുത്തുന്നത്. 2020-21നെക്കാളും 22.41% വളർച്ചയാണ് 2021-22ൽ നികുതിവരുമാനത്തിൽ രേഖപ്പെടുത്തിയത്. മുൻവർഷത്തെക്കാൾ 22% വർധനവ് തന്നെ 2022-23 വർഷത്തിലും വന്നു. ഈ സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ കഴിഞ്ഞ വർഷത്തെ ആദ്യപാദത്തെക്കാൾ പന്ത്രണ്ട് ശതമാനം അധികം നികുതി വരുമാനം ഖജനാവിലേക്ക് എത്തിക്കാൻ സർക്കാരിന് സാധിച്ചു. നികുതിപിരിവിലെ വീഴ്ച എന്ന പല്ലവി ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഉന്നയിക്കുന്നത് എന്ന് ചിന്തിച്ച് വിഷമിക്കണ്ട. കണക്കുകളോ വസ്തുതകളോ അല്ല അവരുടെ വാദങ്ങളുടെ അടിസ്ഥാനം എന്നത് പുതിയ കാര്യമല്ലല്ലോ.

Facebook Comments Box

By admin

Related Post