Mon. May 20th, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ് പോര്; വടകരയില്‍ മത്സരിക്കാന്‍ തയാറാണെന്ന് കെ.മുരളീധരന്‍ എംപി

By admin Oct 3, 2023
Keralanewz.com

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരിന് വടകരയില്‍ മത്സരിക്കാന്‍ തയാറാണെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി.
മത്സരിക്കണമെന്നു ഹൈക്കമാന്‍ഡ് കര്‍ശനമായി നിര്‍ദേശിച്ചതോടെയാണു മുരളീധരന്‍ സമ്മതമറിയിച്ചത്. താന്‍ മത്സരിക്കാനില്ലെന്ന തരത്തില്‍ മുരളീധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരിച്ചിരുന്നു.

നിലവിലുള്ള എംപിമാരെത്തന്നെ വീണ്ടും കളത്തിലിറക്കാനാണു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. ഇതില്‍ വടകരയിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ കണ്ണൂരിലുമാണ് സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിയിരുന്നത്.

മുരളി സമ്മതം മൂളിയതോടെ വടകരയിലെ പ്രതിസന്ധി ഒഴിവായി. കെപിസിസി പ്രസിഡന്റായതിനാല്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണു സുധാകരന്‍.

കെപിസിസി ജനറല്‍ സെക്രട്ടറിയും വിശ്വസ്തനുമായ കെ.ജയന്തിനെ സ്ഥാനാര്‍ഥിയാക്കാനാണു സുധാകരനു താല്‍പര്യം. പാര്‍ട്ടിയില്‍ എതിര്‍പ്പില്ലെങ്കില്‍ ജയന്തിനുതന്നെ നറുക്കു വീണേക്കും.

കണ്ണൂര്‍ പിടിച്ചെടുക്കാന്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയെ സിപിഎം രംഗത്തിറങ്ങുമെന്നാണു സംസാരം. മുന്‍ മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി മത്സരം കടുപ്പിക്കാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്.

ഒക്ടോബര്‍ നാലിനു കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ചു രാഷ്ട്രീയകാര്യ സമിതി യോഗവും അഞ്ചിനു കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പാര്‍ലമെന്റിന്റെ ചുമതല നല്‍കിയ നേതാക്കളുടെയും അടിയന്തര സംയുക്തയോഗവും കെ.സുധാകരന്‍ വിളിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post